ഉത്തർപ്രദേശിലെ ത്സാൻസി ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂട് കുറഞ്ഞ് തുടങ്ങി. വരും ദിവസങ്ങളിൽ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. 

ദില്ലി : രാജ്യത്ത് ചൂട് (hot climate) കുറയുന്നു. രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജസ്ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ചുരു ഉൾപ്പടെയുള്ള എട്ടിടങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം ഉത്തർപ്രദേശിലെ ത്സാൻസി ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂട് കുറഞ്ഞ് തുടങ്ങി. വരും ദിവസങ്ങളിൽ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.താപനില വർധിച്ചതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചൂടു കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ചികിത്സ നടപടികൾ നടപ്പാക്കാനാണ് നിർദേശം.

ഇതിനിടെ ഉഷ്ണ തരംഗം നേരിടാൻ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ സംവിധാനങ്ങൾ കൃത്യമായി വിലയിരുത്തണം . ഐ വി ഫ്ളൂയിഡ്, ഒ ആർ എസ് ലായനി, ഐസ് പാക്കുകൾ എന്നിവ ആശുപത്രികളിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ കഴിയുക. പുറത്തിറങ്ങുമ്പോൾ കുടയോ, തൊപ്പിയോ കരുതണം. തൊഴിലിടങ്ങളിൽ കുടിവെള്ളം ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളിൽ തണൽ നൽകാൻ സംവിധാനം വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

സൂര്യാഘാതമേറ്റാല്‍ എങ്ങനെ തിരിച്ചറിയാം? ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും

രാജ്യത്ത് അടുത്ത ദിവസങ്ങളിലായി ചൂട് വര്‍ധിച്ചുവരുന്നതായാണ് ( Hot Climate ) റിപ്പോര്‍ട്ട്. ഇനിയും വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാനിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനിടെ പലയിടങ്ങളിലും സൂര്യാഘാതമേല്‍ക്കുന്ന സംഭവങ്ങളും ( Sunstroke and heatstroke ) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിസാരമായ പൊള്ളല്‍ തൊട്ട് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് സൂര്യാഘാതം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ നാം വളരെ ഗൗരവപൂര്‍വം ഇക്കാര്യം എടുക്കേണ്ടതുണ്ട്. എങ്ങനെയാണ് സൂര്യാഘാതം ഏല്‍ക്കുക? എങ്ങനെയാണത് തിരിച്ചറിയുക? തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ എന്താണ് ഉടന്‍ ചെയ്യേണ്ടത്? തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതെക്കുറിച്ച് അറിയേണ്ടതുണ്ട്. 

ഇതിനെല്ലാം സഹായകമായ ഒട്ടേറെ വിവരങ്ങളടങ്ങിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തിരുവനന്തപുരം മെഡി. കോളേജിലെ ഡോ. മനോജ് വെള്ളനാട് ആണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കഠിനമായ ചൂട് ശരീരത്തിലുണ്ടാക്കുന്ന മൂന്ന് പ്രശ്‌നങ്ങളെ കുറിച്ചാണ് കുറിപ്പ്. ഇതില്‍ പ്രധാനമായും സൂര്യാഘാതത്തെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കൂ...

ഇന്നുച്ചയ്ക്ക് കുറച്ചുനേരം വെയിലത്ത് നിന്നതേയുള്ളൂ. അപാരചൂട് തന്നെ. ഓടി രക്ഷപ്പെടാന്‍ തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് എറണാകുളത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റതിന്റെ ചിത്രം കൂടി കാണുന്നത്. അതാണ് താഴെയുള്ളത്. സൂക്ഷിച്ചില്ലെങ്കില്‍ ആര്‍ക്കും പണി കിട്ടാം. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ചുട്ടുപൊള്ളുകയാണ്. കേരളത്തിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് വാര്‍ത്തകളില്‍ കണ്ടു. അതുകൊണ്ട് സൂര്യാഘാതത്തെ പറ്റിയും ഉണ്ടായാല്‍ നേരിടേണ്ടത് എങ്ങനെയെന്നും ഒക്കെ അറിഞ്ഞു വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

1.നിര്‍ജ്ജലീകരണം (DEHYDRATION)

ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. നിര്‍ജ്ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം.

2. ചൂടുകുരു/ വെപ്പ് (മിലിയേരിയ)

ചെറിയ ചെറിയ കുരുക്കള്‍ വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും.

3. സൂര്യാഘാതം

ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം (SUNBURN) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്‍.

എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (SUNSTROKE) രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) വരെ ഇടയാക്കുന്നു.

രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS)

1. വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
2. ക്ഷീണം
3. ഓക്കാനവും ചെറിയ തലകറക്കവും
4. സാധാരണയിലധികമായി വിയര്‍ക്കുക
5. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
6. ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
7. പേശികളുടെ കോച്ചിപ്പിടുത്തം

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

1. ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.
2. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
3. വിങ്ങുന്ന മാതിരിയുള്ള തലവേദന
4. ചര്‍ദ്ദി
5. ശ്വാസംമുട്ടല്‍

കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

1. ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
2. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
3. മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
4. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
5. തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
6. കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
7. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാര്‍ഗങ്ങള്‍

-നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം

-ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും

-പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

-രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

-നൈലോണ്‍, പോളിയെസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്

-പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

-കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.