ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ അസമില്‍ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. അസം മേഖലയിലേക്കുള്ള 21 പാസഞ്ചര്‍ ടെയ്രിന്‍ സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി. ത്രിപുരയിലേക്കുള്ള തീവണ്ടികളും ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ - ഇന്‍റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അസമിലും ത്രിപുരയിലും പലയിടത്തും സുരക്ഷാസേനയും ജനങ്ങളും ഏറ്റുമുട്ടിയതായി വിവരമുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ എവിടെയൊക്കെ സംഘര്‍ഷമുണ്ടായെന്നോ ഉള്ള കൃത്യമായ വിവരം ലഭ്യമല്ല. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് നടക്കേണ്ട ചെന്നൈയിന്‍ എഫ്‍സിയും നോര്‍ത്ത് ഇന്ത്യന്‍ യൂണൈറ്റഡും തമ്മിലുള്ള മത്സരം ഗുവാഹത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ചു. ഗുവാഹത്തിയിലും ത്രിപുരയിലെ അഗര്‍ത്തലയിലും ഇന്ന് നടക്കേണ്ട രഞ്ജി ട്രോഫി മത്സരങ്ങളും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാറ്റി വച്ചു.  പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉള്‍ഫയും സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.  

ഗുവാഹത്തിയിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇന്നലെ തീയിട്ട സാഹചര്യത്തില്‍ 12 കമ്പനി റെയില്‍വേ സംരക്ഷണസേനയെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ഇന്നലെ പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയും ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഗുവാഹത്തിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെ ഒരു കാരണവശാലും തങ്ങളുടെ ഭൂമിയില്‍ കുടിയേറി പാര്‍ക്കാന്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഗോത്രവിഭാഗക്കാര്‍. 

വിദ്യാര്‍ത്ഥി-യുവജന-കര്‍ഷകസംഘടനകളെല്ലാം തന്നെ സമരരംഗത്ത് സജീവമാണ് എന്നാല്‍ ഒരു സംഘടനയുടേയും നേതൃത്വമില്ലാതെ തന്നെ കൂടുതല്‍ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിന് ഇറങ്ങിയത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് സൈന്യം ഗുവാഹത്തിയില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. ബിജെപിയുടേയും അസം ഗണം പരിക്ഷത്തിന്‍റേയും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അതീവജാഗ്രതയിലാണ്. 

ദ്രിബുഗഢില്‍ ജനം മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. കേന്ദ്രസഹമന്ത്രി രമേശ്വര്‍ തലിയുടെ വീട് ആക്രമിക്കാനായി വളഞ്ഞവരെ സുരക്ഷാസേന തുരത്തിയോടിച്ചു. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംസ്ഥാനത്ത് പല പാതകളിലും പ്രതിഷേധക്കാര്‍ വാഹനങ്ങളും ടയറുകളും കത്തിച്ചു. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ജമ്മു കശ്മീരില്‍ നിന്നും 5000 പേരടങ്ങിയ കേന്ദ്ര സേനയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ത്രിപുരയിലും കോണ്‍ഗ്രസ് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സമരരംഗത്തുണ്ടായിരുന്ന ഒരു വിഭാഗം ആദിവാസി സംഘടനകള്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാറുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സമരമുഖത്ത് നിന്നും പിന്‍മാറി. വിഷയം ആഭ്യന്തരമന്ത്രി അമിത്ഷായുമായി നേരിട്ട് ചര്‍ച്ച ചെയ്യും എന്ന് മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. 

ബംഗ്ലാദേശിലെ ബുദ്ധമതക്കാര്‍ മിസോറാമിലും അരുണാചല്‍ പ്രദേശിലും വന്നത് അവിടെ വര്‍ഗ്ഗീയ ചൂഷണം നേരിടത് കൊണ്ടല്ല. അവരുടെ മേഖലയില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഡാം പണിത്തതിനെ തുടര്‍ന്ന് വാസസ്ഥലം നഷ്ടപ്പെട്ടാണ്. മിസോറാം ജനസംഖ്യയുടെ പകുതിയും ഇപ്പോള്‍ ഇവരാണ് പുതിയ നിയമം അനുസരിച്ച് ഇവരൊക്കെ ഇനി ഇവിടുത്തെ പൗരന്‍മാരാവും - മിസോറാമിലെ കോണ്‍ഗ്രസ് എംപി റോണാള്‍ഡ് സാപാ പറയുന്നു.