Asianet News MalayalamAsianet News Malayalam

മുങ്ങി നശിച്ചത് 300 ആഡംബര കാറുകൾ, കൈകുഞ്ഞിനെ രക്ഷിച്ചത് കൊട്ടയിൽ കയറ്റി; മഴക്കെടുതിയിൽ ആന്ധ്രയും തെലങ്കാനയും

ഗന്നവാരത്തിനടുത്തുള്ള ആഡംബര കാർ ഷോറൂമിലുണ്ടായിരുന്ന 300 കാറുകൾ വെള്ളക്കെട്ടിൽ മുങ്ങി നശിച്ചു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നാലരലക്ഷത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്.

Heavy rain alert for Telangana and Andhra Pradesh IMD reports heavy rainfall across Telangana in past 24 hours
Author
First Published Sep 4, 2024, 5:10 PM IST | Last Updated Sep 4, 2024, 5:10 PM IST

ഹൈദരാബാദ്: കനത്ത വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വിജയവാഡ നഗരമുൾപ്പടെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി ഒഴിയുന്നില്ല. തീരദേശ ആന്ധ്രയിലും തെലങ്കാനയിലെ നാല് ജില്ലകളിലും ഇന്ന് റെഡ്, യെല്ലോ അലർട്ടാണ്. ശനിയാഴ്ച വരെ തീരദേശത്തോട് അടുത്ത് കിടക്കുന്ന മേഖലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിജയവാഡ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ആന്ധ്ര പ്രദേശിൽ മഴക്കെടുതിയുള്ള ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴ തുടരുന്നിനാൽ വെള്ളക്കെട്ട് പലയിടത്തും മാറിയിട്ടില്ല. അതിനാൽ വിജയവാഡ വഴിയുള്ള ട്രെയിൻ ഗതാഗതം ഇപ്പോഴും ഭാഗികമായേ പുനഃസ്ഥാപിച്ചിട്ടുള്ളൂ. രണ്ട് ദിവസം കൂടി കഴിഞ്ഞേ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകൂ എന്നാണ് ദക്ഷിണറെയിൽവേ അറിയിക്കുന്നത്. വിജയവാഡയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പല വ്യവസായനിർമാണശാലകളിലും വെള്ളം കയറിയത് വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. 

ഗന്നവാരത്തിനടുത്തുള്ള ആഡംബരകാർ ഷോറൂമിലുണ്ടായിരുന്ന 300 കാറുകൾ വെള്ളക്കെട്ടിൽ മുങ്ങി നശിച്ചു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നാലരലക്ഷത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്. ഇതിനിടെ, വിജയവാഡയിലെ സിംഗ് നഗറിൽ നിന്ന് ഒരു കൈക്കുഞ്ഞിനെ അച്ഛനും ചില സന്നദ്ധപ്രവർത്തകരും ചേർന്ന് ഒരു പ്ലാസ്റ്റിക് കൊട്ടയിൽ രക്ഷപ്പെടുത്തിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ശക്തായ മഴയെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 33 പേരോളം മരിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. കന്ന മഴയിലുണ്ടായ വെള്ളപ്പൊക്കമാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ആന്ധ്രയിൽ മാത്ര 4.15 ലക്ഷം പേരെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഹോലികോപ്ടറിലടക്കമാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. സെപ്തംബർ ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Read More : ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, സെപ്തംബർ 8ന് ശക്തമായ മഴ
 

Latest Videos
Follow Us:
Download App:
  • android
  • ios