മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. താനെ, റായ്ഗഡ്, പാൽഘർ, പൂനെ എന്നിവടങ്ങളിൽ മഴ ശക്തമാണ്. പൂനയിലെ ഖഡക്ക് വാസലെ ഡാമും തുറന്നുവിട്ടു. പൂനെ എം ഐ ടി കോളേജ് ക്യാംപസിനകത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ നൂറ്റി അന്പതോളം വിദ്യാർത്ഥികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ആറ് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. 

സർക്കാർ ജീവനക്കാർ ഓഫീസുകളിൽ വൈകി ഹാജർ രേഖപ്പെടുത്തിയാൽ മതി. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 12 സർവീസുകൾ റെയിൽവേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. മണ്ണിടിച്ചിൽ കാരണം തടസപ്പെട്ട കൊങ്കൺ വഴിയുള്ള റയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. 

ഗുജറാത്തിൽ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളെ വ്യോമ മാർഗ്ഗം മുംബൈയിൽ എത്തിച്ചു. ഇവരെ ഔറംഗബാദ്, കോലാപൂർ,അഹമദ്നഗർ, രത്നഗിരി ജില്ലകളിൽ വിന്യസിച്ചു. മുംബൈയിൽ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.