ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ മോറിയിൽ നിന്ന് മോൾഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. 

പൈലറ്റുമാരായ  രാജ്‍പാൽ, കപ്താൽ ലാൽ, പ്രദേശവാസി രമേശ് സാവർ എന്നിവരാണ് മരിച്ചത്. സാങ്കേതികത്തകരാറുകളെത്തുടര്‍ന്ന് ഹെലികോപ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും തുടര്‍ന്ന് വൈദ്യുത കമ്പികളില്‍ തട്ടി തീ പിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പ്രളയബാധിത പ്രദേശങ്ങളില്‍ സാധസസാമഗ്രികള്‍ വിതരണം ചെയ്ത് മടങ്ങുന്ന വഴിയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്.  ഹെറിറ്റേജ് ഏവിയേഷന്‍ എന്ന കമ്പനിയുടേതാണ് ഹെലികോപ്ടടര്‍.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.