വിഐപികളുടെ വരവും പ്രതീക്ഷിച്ച് ഉദ്‌ഘാടനം വൈകിക്കേണ്ട കാര്യമില്ല എന്നാണ് ഇതേപ്പറ്റി ജെഎംഎം വക്താവ് പ്രതികരിച്ചത്. 

 ദില്ലി : പിഎം കെയെർസ്(PM Cares) പദ്ധതിയുടെ ഭാഗമായി രാജ്യത്തെല്ലായിടത്തും സ്ഥാപിതമായിട്ടുള്ള PSA ഓക്സിജൻ ജനറേറ്റർ(PSA Oxygen Generator) പ്ലാന്റുകൾ ഒരുമിച്ച് വ്യാഴാഴ്ച ദിവസം ഉദ്‌ഘാടനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുടെപ്ലാൻ. എന്നാൽ, ഝാർഖണ്ഡ് സംസ്ഥാനത്തെ പ്ലാന്റുകളുടെ ഉദ്‌ഘാടനം, അതിന് ഒരു ദിവസം മുന്നേ, ബുധനാഴ്ച തന്നെ നിർവഹിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. 27 പ്രെഷർ സ്വിങ് അഡ്സോർപ്‌ഷൻ ഓക്സിജൻ ജെനറേറ്ററുകളാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന് സമർപ്പിച്ചത്. റാഞ്ചിയിലുള്ള സദർ ആശുപത്രിയിൽ വെച്ചായിരുന്നു സോറന്റെ തിടുക്കപ്പെട്ടുള്ള ഈ ഉദ്‌ഘാടന മഹാമഹം. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, പിഎം കെയർസ് ഫണ്ടുകൾ ഉപയോഗിച്ച് കമ്മീഷൻ ചെയ്ത ഈ യൂണിറ്റുകൾ പ്രധാനമന്ത്രിയുടെ അഖിലേന്ത്യാ ഉദ്‌ഘാടനത്തിന്റെ തലേന്ന് ഇങ്ങനെ തിരക്കിട്ട ഉദ്‌ഘാടനം ചെയ്ത സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടിയെ റാഞ്ചി ബിജെപി എംപി സഞ്ജയ് സേഥ് നിശിതമായി വിമർശിച്ചു. ഇങ്ങനെ ചെയ്തതിലൂടെ സോറൻ ചെയ്തത് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് എന്നായിരുന്നു സേത്തിന്റെ അഭിപ്രായം. 

വിമർശനങ്ങൾ വകവെക്കാതെ മുഖ്യമന്ത്രി ഹേമന്ത് സോറൻ സംസ്ഥാന സർക്കാരിന്റെ ഫണ്ടിങ്ങോടെ റാഞ്ചി സദർ ആശുപത്രിയിൽ സ്ഥാപിച്ച സെൻട്രൽ പാത്തോളജി ലാബ്, 256 സ്ലൈസ് സിറ്റി സ്കാൻ, കൊബാസ് 6800 മെഷീൻ എന്നിവയും അതേ ചടങ്ങിൽ വെച്ച് ഉദ്‌ഘാടനം ചെയ്താണ് മടങ്ങിയത്. ഇതോടൊപ്പം പത്ത് പുതിയ ആംബുലൻസുകളുടെയും ഉദ്ഘാടനം നടത്തപ്പെടുകയുണ്ടായി. 

വിവാദത്തെപ്പറ്റി ഭരണകക്ഷിയായ ജെ എം എമ്മിന്റെ ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞത്, കൊവിഡ് കാലമായതുകൊണ്ട് ഇതുപോലുള്ള അടിയന്തരാവശ്യം നിലവിലുള്ള ഉപകരണങ്ങൾ വിഐപികളുടെ വരവും പ്രതീക്ഷിച്ച് ഉദ്‌ഘാടനം വൈകിക്കേണ്ട കാര്യമില്ല എന്നാണ്.