വെള്ളി, ശനി ദിവസങ്ങളിൽ മൂന്ന് മണിക്കൂർ വീതമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: ആയുധ പരീക്ഷണം നടക്കുന്നതിനാൽ ആൻഡമാൻ നിക്കോബാദ ദ്വീപിന് മുകളിൽ വ്യോമ ഗതാഗതത്തിന് മൂന്ന് മണിക്കൂർ വീതം വിലക്ക്. ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആന്റ് നികോബാർ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സൈനിക പരീക്ഷണങ്ങളുടെ ഭാഗമായി ശനിയാഴ്ചയും ഇതേ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളി ഇന്ത്യൻ സമയം രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ മൂന്ന് മണിക്കൂർ നേരത്തേക്കാണ് ആൻഡമാൻ ദ്വീപുകൾക്ക് മുകളിൽ വ്യോമഗതാഗതത്തിന് നിയന്ത്രണമുള്ളത്. ഏതാണ്ട് 500 കിലോമീറ്ററോളം ദൈർഘ്യമുള്ള മേഖലയിലാണ് വാണിജ്യ വിമാന സർവീസുകൾക്ക് ഇത് ബാധകമാവുകയെന്ന് വിമാന കമ്പനികൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ചയിലെ ഹൈ- ഓൾട്ടിറ്റ്യൂഡ് ആയുധ പരീക്ഷണം വിജയികരമായി പൂർത്തിയാക്കിയതായും ശനിയാഴ്ച രാവിലെയും സമാനമായ പരീക്ഷണം തുടരുമെന്നും അറിയിപ്പിൽ പറയുന്നു. പ്രതിരോധ സേനകളുടെ പതിവ് പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ പരീക്ഷണം. ഇന്ത്യൻ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഒരേയൊരു സൈനിക കമാൻഡാണ് ആൻഡമാൻ ആന്റ് നികോബാർ കമാൻഡ്.