കർണാടകത്തിൽ സിദ്ധരാമയ്യയ്ക്ക് പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ, ജാതി-മത അസന്തുലിതാവസ്ഥ ഒഴിവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നു. ദളിത്, ലിംഗായത്ത്, വൊക്കലിഗ, ഒബിസി തുടങ്ങിയ വിവിധ സമുദായങ്ങൾക്ക് മന്ത്രിസഭയിലും മറ്റ് പദവികളിലും കൃത്യമായ പ്രാതിനിധ്യം നൽകിയാണ്  അധികാരമാറ്റം

ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ രാജിയും ഡി കെ ശിവകുമാറിന്‍റെ സ്ഥാനാരോഹണവും ജാതി, മത അസന്തുലിതാവസ്ഥയ്ക്ക് വഴിവയ്ക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ഹൈക്കമാൻഡ്. ഡി കെ ശിവകുമാറിനൊപ്പം ആദ്യ ഘട്ടത്തിൽ ചുമതലയേറ്റ മന്ത്രിമാരെ നിശ്ചയിച്ചതും കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയതും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ്. ഒബിസി വിഭാഗത്തിൽ നിന്നുള്ള സിദ്ധരാമയ്യയുടെ പടിയിറക്കം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട് നേതൃത്വം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുറുബ സമുദായ അംഗമായ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള പടിയിറക്കം ബാധിക്കരുതെന്ന് കണക്കുകൂട്ടി തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുപോകുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുൻപേ തന്നെ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയത് ഇത് മുന്നിൽ കണ്ടുകൂടിയാണ്. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ പ്രതിഷേധമുയർത്തിയ ദളിത് സംഘടനകളെ പ്രീതിപ്പെടുത്താൻ എന്നോണം ആദ്യ ഘട്ട മന്ത്രിമാരുടെ പട്ടികയിലും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട് കോൺഗ്രസ്‌. ഡി കെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മന്ത്രിമാരിൽ മൂന്നു പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.

കർണാടക രാഷ്ട്രീയത്തിൽ കൃത്യമായ സ്വാധീനം ചെലുത്തുന്ന ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളെയും പരിഗണിച്ചിട്ടുണ്ട് മന്ത്രിസഭയിൽ. ഡി കെ ഉൾപ്പെടെ മൂന്നു പേർ വൊക്കലിഗ സമുദായത്തിൽ നിന്ന് മന്ത്രിസഭയിൽ എത്തിയപ്പോൾ ലിംഗായത്ത് വിഭാഗത്തെയും പരിഗണിച്ചു. മുസ്ലിം വിഭാഗത്തിൽനിന്ന് യു ടി ഖാദറിനെയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് കെ ജെ ജോർജിനെയും പരിഗണിക്കുക വഴി അവരുടെ പരാതിയും ഒഴിവാക്കി. എം എൽ പി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ നാലു പേരും ഒബിസിയിൽ നിന്നു തന്നെ ആകാൻ നിഷ്കർഷിക്കുകയും ചെയ്തു.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ച ബി കെ ഹരിപ്രസാദും ഒബിസി വിഭാഗത്തിൽ നിന്നുള്ള ആൾ തന്നെയാണ്. തെരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നിരിക്കെ മറ്റേതെങ്കിലും തരത്തിൽ നീങ്ങിയാൽ തിരിച്ചടിയാകുമോ എന്ന് ആശങ്ക ഹൈകമാൻഡിന് ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ്, മന്ത്രിസഭയിൽ നാല് പുതുമുഖങ്ങൾ എങ്കിലും വേണമെന്ന് വാദിച്ച രാഹുൽ ഗാന്ധി ഒടുവിൽ പിന്നോട്ട് പോയത്.

YouTube video player