Asianet News MalayalamAsianet News Malayalam

അത്ര വെടിപ്പല്ല കാര്യങ്ങൾ! കോടതി നടപടിക്കിടെ സൂമിൽ വന്നത് പോൺ ദൃശ്യങ്ങൾ, അബദ്ധം പറ്റിയതല്ല; നടപടി ഇങ്ങനെ

വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞുകയറി കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ചതോടെയാണ് നടപടി.

High court stops online proceedings as miscreants insert porn clips btb
Author
First Published Dec 7, 2023, 8:03 PM IST

ഓൺലൈൻ കോൺഫറൻസുകളും സൂം മീറ്റിങ്ങുകളുമൊക്കെ കൊവിഡിന് ശേഷം കൂടുതൽ സാധാരണമായി മാറിയിട്ടുണ്ട്. പല പ്രധാനപ്പെട്ട മീറ്റിങ്ങുകളും ഇപ്പോൾ ഓൺലൈനിലാണ് നടക്കുന്നത്. പ്രത്യേകിച്ച് കോടതി നടപടികളടക്കമുള്ള കാര്യങ്ങൾ ഓൺലൈനായി നടക്കുന്നത് ഇപ്പോൾ പലയിടത്തും കണ്ടുവരാറുള്ള കാര്യമാണ്. എന്നാൽ കർണാടക ഹൈക്കോടതി ഇപ്പോൾ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വെറുതെ നിർത്തിവച്ചതല്ല, കാരണമുണ്ട്. 

വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞുകയറി കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ചതോടെയാണ് നടപടി. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കൽബുർഗി ബെഞ്ചുകളുടെ  വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗുമാണ് നിർത്തിവച്ചത്. ഒന്നിലധികം തവണ ഇത്തരം ദൃശ്യങ്ങൾ കോടതി നടപടിക്കിടെ പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം. 

അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനഃപൂർവ്വം ചെയ്തതാണെന്നും ഇതിന് പിന്നിൽ അജ്ഞാത ഹാക്കർമാരാണെന്നും വിവരങ്ങളുമുണ്ട്. സംഭവം നിർഭാഗ്യകരവും സാങ്കേതികവിദ്യയുടെ ദുരുപയോഗവുമാണെന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. ഇതാദ്യമായല്ല രാജ്യത്ത് ഇത്തരത്തിൽ ഓൺലൈൻ നടപടികൾക്കിടെ പോൺ ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. സ്വകാര്യ കമ്പനികളുടെ മീറ്റിങ്ങിലും സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകളിലും അങ്ങനെ പല ഓൺലൈൻ മീറ്റുകൾക്കിടയിലും ഈ പ്രതിസന്ധി ഉയർന്നുവന്നിരുന്നു. 

ഓൺലൈൻ മീറ്റുകൾക്കിടെ നടക്കുന്ന ഈ ഹാക്കിങ്ങുകൾക്കുമപ്പുറത്ത് പല വലിയ സൈബർ സെക്യൂരിറ്റി പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.  ഹാക്കിങ് എന്ന വാക്ക് കുട്ടികൾക്കുപോലും അറിയുന്നത്ര സർവസാധാരണമായിക്കഴിഞ്ഞു. സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുമ്പോൾ കൂടുതൽ അപകടകരമായ തട്ടിപ്പുകളും ഉണ്ടാകുന്നു. അടുത്ത കാലത്തായി തട്ടിപ്പ് വാർത്തകളിൽ ആവർത്തിച്ച് കാണുന്ന വാക്കാണ് ഡീപ്പ് ഫേക്ക്. സാമ്പത്തിക തട്ടിപ്പുകൾ, മോർഫിംഗ്, സമൂഹത്തിൽ അപമാനിക്കാനുള്ള ശ്രമം തുടങ്ങി ഡീപ് ഫേക്കിലൂടെയുള്ള അപകടങ്ങൾ കുറച്ചൊന്നുമല്ല. 

പ്രശസ്ത സിനിമ താരങ്ങളുൾപ്പെടെ ഡീപ് ഫേക്കിന്റെ അപകടങ്ങൾ നേരിടേണ്ടി വരുന്നുണ്ട് എന്ന പറയുമ്പോൾത്തന്നെ വ്യക്തമാകും ഈ വിഷയത്തിന്റെ ഗൗരവം. തുടക്കത്തിൽ ഡീപ് ഫേക്കിനെ രസകരമായ ഒരു സംഗതിയായാണ് ആളുകൾ കണ്ടത്. കാവാലയ്യ എന്ന പാട്ടിന് ചുവടുവച്ചു തമന്നയ്ക്ക് പകരം സിമ്രാൻ അടക്കമുള്ള നടികളെത്തിയപ്പോൾ കാഴ്ചക്കാർക്ക് കൗതുകമായിരുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന മമ്മൂട്ടിയെയും മോഹൻലാലിനേയും ശോഭനയെയുമൊക്കെ ഫോണിൽ കണ്ട് പൊട്ടിച്ചിരിച്ചു. 

പക്ഷെ വൈകാതെ ഈ കളി കാര്യമായി മാറി. കോഴിക്കോട് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികന്റെ പണം തട്ടിയ സംഭവമറിഞ്ഞപ്പോഴാണ് ഡീപ് ഫേക്ക് ആളത്ര വെടിപ്പല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നാലെ രശ്‌മിക മന്ദാനയുടേയും കത്രീന കൈഫിന്റെയും ആലിയ ഭട്ടിന്റെയും  വീഡിയോകൾ ഇത്തരത്തിൽ ഡീപ് ഫേക്കിലൂടെ നിർമിച്ച് പ്രചരിച്ചു. രശ്‌മികയുടെ വീഡിയോയിൽ കേസുമെടുത്തു. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. ഇത് പാതിവഴിയിൽ നിൽക്കുമ്പോഴാണ് പ്രിയങ്ക ചോപ്രയുടെ ശബ്‍ദവും ഡീപ് ഫേക്ക് ചെയ്ത ഒരു വീഡിയോയും പുറത്തുവന്നത്. 

ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വാർഷിക വരുമാനത്തേക്കുറിച്ച്  പ്രിയങ്ക പറയുന്ന ദൃശ്യങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനൽ ആണെന്നെ തോന്നൂ. ചുണ്ടിന്റെ ചലനങ്ങളടക്കം കൃത്രിമമായി നിർമിച്ചിട്ടുള്ള ഈ വീഡിയോയുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഡീപ് ഫേക്ക് പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചുണ്ടായ സാങ്കേതികവിദ്യയല്ല. 2019 ൽ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാക്കാൻ പോകുന്നത് ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ചുള്ള വീഡിയോകളാണ് എന്നൊരു മുന്നറിയിപ്പ് ആ വർഷത്തിന്റെ തുടക്കത്തിൽ വന്നിരുന്നു. 

ആരുടെയും വീഡിയോ ദൃശ്യങ്ങൾ ഏത് തരത്തിൽ വേണമെങ്കിലും പ്രചരിക്കാമെന്നും മുൻകരുതൽ എടുക്കണമെന്നും അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഷങ്ങൾക്കപ്പുറം ഡീപ് ഫേക്കിന്റെ അപകടങ്ങൾ കൂടുതൽ മനസിലാക്കുകയാണ് നാം. ടെക്‌നോളജി ബഹിഷ്കരിച്ചുകൊണ്ട് ജീവിക്കാൻ ഇനിയുള്ള കാലത്ത് ആർക്കും ഒരിക്കലും സാധിക്കില്ല. പക്ഷേ അത് ദുരുപയോഗം ചെയ്യാതിരിക്കുമെന്ന് ഓരോരുത്തർക്കും സ്വന്തമായി തീരുമാനമെടുക്കാനാവും. അങ്ങനെയല്ലാതെ സൈബർ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളെ മറികടക്കുക തൽക്കാലത്തെങ്കിലും ശ്രമകരമായിരിക്കും. 

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios