പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് ധനബില്‍ പാസാക്കുമ്പോള്‍ അടക്കം വിട്ടുനിന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 6 കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കിയത്

ദില്ലി: ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ കടുത്ത നടപടി. ആറ് എംഎല്‍എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കി. ബാക്കിയുള്ള എംഎൽഎമാരെ കൂടെ നിര്‍ത്താൻ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ഷിംലയില്‍ യോഗം വിളിച്ച് ചേർത്തു. എഐസിസി നിരീക്ഷകർ കോണ്‍ഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് ധനബില്‍ പാസാക്കുമ്പോള്‍ അടക്കം വിട്ടുനിന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 6 കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കിയത്. എംഎല്‍എമാരില്‍ നിന്ന് ഇന്നലെ വിശദീകരണം തേടിയ ശേഷമാണ് സ്പീക്കർ കുല്‍ദീപ് സിങ് പഠാനിയയുടെ ന‍ടപടി. മറുപടി നല്‍കാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ ബിജെപിക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 34 ല്‍ നിന്ന് 28 ആയി കുറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രരരും ആറ് വിമതരം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ തോല്‍വിക്ക് കാരണമായത്. പാര്‍ട്ടി എംഎല്‍എമാർ അയോഗ്യരായത് കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ കേവല ഭൂരിപക്ഷമായ 35ന് താഴെയെത്തിക്കുകയും ചെയ്തിട്ടുണ്ട് . നിയമസഭയുടെ അംഗസംഖ്യ കുറഞ്ഞതിനാൽ തല്‍ക്കാലം സർക്കാരിന് പിടിച്ചു നില്‍ക്കാം. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കോൺഗ്രസ് കടന്നത്.

 രാജി പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹിമാചലില്‍ സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചാകും ഭാവിനീക്കമെന്ന് മന്ത്രി വിക്രമാദിത്യ സിങ് മുന്നറിയിപ്പ് നല്കി. നേതൃമാറ്റം അടക്കം ആവശ്യമാണോയെന്നത് പരിഗണിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിരീക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ എംഎൽഎമാർ കാലുമാറാതിരിക്കാനാണ് വിമതരെ ഉടൻ പുറത്താക്കിയുള്ള മുന്നറിയിപ്പ് കോൺഗ്രസ് നല്കിയിരിക്കുന്നത്. സ്പീക്കറുടെ നടപടിയിൽ വിമതർ സ്വീകരിക്കുന്ന നിയമനടപടികളുടെ ഭാവി ഇനി നിർണ്ണായകമാകും. 

ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; രേഖാമൂലം മറുപടി നൽകാൻ നിർദേശം, ബിനോയ് കോടിയേരിയുടെ ഹ‍‍‍‍‍ർജി തീർപ്പാക്കി


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews