ചെന്നൈ: ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഹിന്ദി ഡയപ്പറിട്ട ചെറിയ കുഞ്ഞാണെന്നും മറ്റ് ഭാഷകളെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി വളരെ ചെറുതാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. 

'ഡയപ്പറിട്ട കുഞ്ഞാണ് ഹിന്ദി. ഇന്ത്യയിലെ മറ്റ് ഭാഷകളെ അപേക്ഷിച്ച് ഹിന്ദിക്ക്  പ്രായം വളരെ കുറവാണ്.  തമിഴിനെയും സംസ്കൃതത്തെയും തെലുങ്കിനെയും താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുത്. ഇത് ആരെയെങ്കിലും കളിയാക്കാനോ പരിഹസിക്കാനോ ഉദ്ദേശിച്ച് പറയുന്നതല്ല. ഭാഷയെ സംരക്ഷിക്കണം, പക്ഷേ മറ്റുള്ളവരുടെ കഴുത്തിന് കുത്തിപ്പിടിച്ചാവരുത് അതെന്ന് മാത്രമേയുള്ളൂ എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 

'തമിഴ് നാട്ടിലെ ജനങ്ങളുടെ ഭാഷയാണ് തമിഴ്.  ഭാഷയ്ക്ക് വേണ്ടി ഞങ്ങള്‍ പോരാടും.  ഇന്ത്യ സ്വാതന്ത്രം നേടിയപ്പോള്‍ നാം ചേര്‍ത്തുവെച്ചതാണ് നാനാത്വത്തില്‍ ഏകത്വം. അതിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും  സാധിക്കില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ എല്ലാ ഭാഷയെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ എല്ലായിപ്പോഴും ഞങ്ങളുടെ മാതൃഭാഷയെന്നത് തമിഴ് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.