'രാജ്യത്തിനെതിരായ ഗാന്ധിയുടെ നയങ്ങളെ ഗോഡ്സെ എതിര്‍ത്തിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' - ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര വെര്‍മ പറഞ്ഞു. 

ലക്നൗ: സ്വാതന്ത്ര്യദിനത്തിൽ മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര നടത്തി ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. തിരംഗ യാത്രയിലെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാഹനത്തിന്റെ മുകളിലായാണ് ഗോഡ്സെയുടെ ഫോട്ടോ വച്ചിരിക്കുന്നത്.

അതേസമയം തങ്ങളുടെ പ്രവര്‍ത്തകര്‍ വിപ്ലവകാരികളായ നിരവധി പേരുടെ ചിത്രങ്ങൾ സ്വാതന്ത്ര്യദിനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ ഗോഡ്സെയും ഉണ്ടെന്നുമാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര വെര്‍മ പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ''രാജ്യത്തിനെതിരായ ഗാന്ധിയുടെ നയങ്ങളെ ഗോഡ്സെ എതിര്‍ത്തിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'' - യോഗേന്ദ്ര വെര്‍മ പറഞ്ഞു. 

Scroll to load tweet…

അതേസമയം കര്‍ണാടകയിൽ വീണ്ടും വിനായക് ദാമോദർ സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതായി റിപ്പോര്‍ട്ട്. തുമകുരുവിലാണ് സവര്‍ക്കറുടെ പോസ്റ്റര്‍ ഒരു സംഘം ആളുകൾ കീറിയത്. ശിവമോഗയിൽ സ്വാതന്ത്ര്യദിനത്തിൽ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെയാണ് മറ്റൊരിടത്തുകൂടി സമാന സംഭവം നടക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് സവര്‍ക്കറുടെ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. 

ഓഗസ്റ്റ് 15ന് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളിൽ സ്ഥാപിച്ച സവര്‍ക്കറുടെ പോസ്റ്റര്‍ കീറിയതാണ് സംസ്ഥാനത്ത് സംഘര്‍ഷത്തിന് ഇടയാക്കിയത്. രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റിരുന്നു. ഒരു വിഭാ​ഗം സവർക്കറുടെ പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാ​ഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ പൊലീസ് എത്തി പോസ്റ്ററുകൾ പിടിച്ചെടുത്തു. സംഘർഷമൊഴിവാക്കാനായി പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷത്തിൽ കുത്തേറ്റയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.