അടുത്തിടെ നിസ്കാരം തടസ്സപ്പെടുന്നത് പോലയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുവെന്നും വളരെ കുറച്ച് ആളുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് മുസ്ലിം സഹോദരര്‍ക്ക് ബോധ്യമാക്കാന്‍ വേണ്ടിയാണ് തന്‍റെ ശ്രമമെന്നും യുവാവ്

തന്‍റെ ഉടമസ്ഥതയിലുള്ള കടമുറികളില്‍ മുസ്ലിം(Muslim) വിഭാഗത്തിലുള്ളവര്‍ക്ക് നിസ്കരിക്കാനുള്ള(Namaz) സൌകര്യം നല്‍കാന്‍ സന്നദ്ധനായി ഹിന്ദു(Hindu) യുവാവ്.പൊതുഇടങ്ങളിലെ നിസ്കാരത്തേക്കുറിച്ച് രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്ന് പല അഭിപ്രായം ഉയരുന്നതിനിടയിലാണ് ഹിന്ദു യുവാവിന്‍റെ മാതൃകാപരമായ നീക്കം. ഹരിയാനയിലെ ഗുര്‍ഗാവിലാണ്(Gurgaon) സംഭവം. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് വെള്ളിയാഴ്ച നിസ്കാരത്തിനായി കടമുറി നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ് അക്ഷയ് റാവു എന്ന യുവാവ്.

ടൂര്‍ ഓര്‍ഗനൈസര്‍ ആയ അക്ഷയ്ക്ക് ഗുരുഗാവിലെ മെക്കാനിക്ക് മാര്‍ക്കറ്റില്‍ നിരവധി കടമുറികളുണ്ട്. ഇവയില്‍ മിക്കതിലും വാടകക്കാര്‍ ആയിട്ടുള്ളത് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മിക്കവര്‍ക്കും വെള്ളിയാഴ്ച നിസ്കാരത്തിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിന്‍റെ തീരുമാനം. ഒഴിഞ്ഞ് കിടക്കുന്ന കടമുറിയില്‍ 20ഓളം ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നിസ്കരിക്കാനാവുമെന്ന് അക്ഷയ് പറയുന്നു. പ്രത്യേകിച്ച് വലിയ കാര്യമൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് സംഭവത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോട് അക്ഷയ് പറയുന്നത്.

താന്‍ ജനിച്ചതും വളര്‍ന്നതും ഗുര്‍ഗാവിലാണ്. ഇതുവരേയും ഈ മേഖലയില്‍ മതപരമായ പ്രശ്നം ഉണ്ടാവുന്നതായി കണ്ടിട്ടില്ല. എന്നാല്‍ അടുത്തിടെ നിസ്കാരം തടസ്സപ്പെടുന്നത് പോലയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുവെന്ന് അക്ഷയ് പറയുന്നു. വളരെ കുറച്ച് ആളുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് മുസ്ലിം സഹോദരര്‍ക്ക് ബോധ്യമാക്കാന്‍ വേണ്ടിയാണ് തന്‍റെ ശ്രമമെന്നും അക്ഷയ് പറയുന്നു. ഇത്രയും കാലം ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിച്ചത് ഇനിയും സമാധാനപരമായ ഐക്യത്തോടെ ജീവിക്കാനുള്ള ശ്രമങ്ങളില്‍ താനും ഭാഗമാകുമെന്നും അക്ഷയ് പറയുന്നു.

വെള്ളിയാഴ്ച നിസ്കാരത്തിന് വേണ്ടിയുള്ള സ്ഥലങ്ങളില്‍ ഇതുവരെയും സ്വകാര്യ സ്ഥലം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. ഇതുവരെയും സ്വകാര്യ ഭൂമി നിസ്കാര ആവശ്യത്തിനായി വിട്ടുനല്‍കാമെന്ന് വിശദമാക്കി ആരും തങ്ങളെ സമീപിച്ചില്ലെന്നും ജില്ലാ അധികൃതര്‍ പറയുന്നു. അക്ഷയ്യുടെ തീരുമാനത്തെ പ്രദേശത്തെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ഭൂമി ആയതിനാല്‍ അയല്‍ക്കാര്‍ പ്രശ്നമുണ്ടാക്കുമോയെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗുര്‍ഗാവില്‍ നിസ്കാരത്തിനായി അനുവദിച്ചിട്ടുള്ള ഇടങ്ങളുടെ എണ്ണത്തില്‍ സാരമായ കുറവ് വന്നിട്ടുണ്ട്. 2018ല്‍ 37 ഇടങ്ങള്‍ നിസ്കരിക്കാനായുണ്ടായിരുന്ന മേഖലയില്‍ ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 20 ആയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിന്ദുത്വ അനുകൂല വിഭാഗങ്ങള്‍ തുറന്നയിടത്തിലെ നിസ്കാരത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. നിസ്കാരത്തിനായി അനുവദിച്ച പ്രദേശത്ത് രാവിലെ മുതല്‍ എത്തിയ ചിലര്‍ പ്രദേശം വോളിബോള്‍ കോര്‍ട്ട് ആക്കിയിരുന്നു. ഇത് മേഖലയില്‍ നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ മുസ്ലിം വിശ്വാസികള്‍ നിസ്കരിക്കാന്‍ ഉപയോഗിച്ച വസ്ത്രാപൂരിലെ ഗാര്‍ഡനില്‍ വിഎച്ച്പി അനുയായികള്‍ ശുദ്ധികലശം നടത്തിയിരുന്നു. ഏതാനും പേര്‍ നിസ്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.