ബില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് കുട്ടിക്ക് ഈ പേര് നല്‍കിയതെന്ന് കുഞ്ഞിന്റെ മുത്തശ്ശിയും വാർത്താ ഏജൻസിയായ പിറ്റിഐയോട് പ്രതികരിച്ചു.
ദില്ലി: പൗരത്വ ഭേദഗതി ബില്‍ പാസായതിന് പിന്നാലെ ‘നാഗ്രിക്ത’ എന്ന് പേര് നൽകി പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥി കുടുംബം. ‘പൗരന്‍’ എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. ദില്ലി സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിന് നാഗ്രിക്ത എന്ന് പേര് നൽകിയത്.
ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിൽ പാസാകുന്നതിന് മുമ്പാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. എന്നാല്‍, രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച ഇന്നലെ രാവിലെ കുഞ്ഞിന് നാഗ്രിക്ത എന്ന് പേര് നൽകുകയായിരുന്നു. 2012ലാണ് ഈ കുടുംബം പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. നിലവില്‍ വടക്കന്‍ ദില്ലിയിലെ മജ്‌നു കാ തിലയിലെ കുടുംബം താമസിക്കുന്നത്.
"കഴിഞ്ഞ ഏഴ് വർഷമായി ഞങ്ങൾ പൗരത്വത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അവൾ (കുഞ്ഞ്) ജനിച്ചതിനുശേഷം ഞങ്ങൾക്ക് അത് ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു," അമ്മ ആരതി എൻഡിടിവിയോട് പറഞ്ഞു. ബില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് കുട്ടിക്ക് ഈ പേര് നല്‍കിയതെന്ന് കുഞ്ഞിന്റെ മുത്തശ്ശിയും വാർത്താ ഏജൻസിയായ പിറ്റിഐയോട് പ്രതികരിച്ചു. ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ കുടുംബം കേന്ദ്രസര്‍ക്കാരിനോട് നന്ദി അറിയിക്കുകയും ചെയ്തു.
രോഹിണി സെക്ടര്‍ 9, 11, ആദര്‍ശ് നഗര്‍, സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപമുള്ള പുനരധിവാസ കോളനികള്‍ എന്നിവിടങ്ങളിലായി 750ഓളം ഹിന്ദുക്കളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയം തേടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
