ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്.

ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു.  പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു.  പറഞ്ഞുതീരും മുമ്പേ അദ്ദേഹത്തെ പൊലീസ് തള്ളിനീക്കുകയായിരുന്നു. 

അതേസമയം പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്. സമര സ്ഥലത്തേക്ക് ഇവർ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി സര്‍വ്വകലാശാലയില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ ബസ്സില്‍ കയറിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.  വിദ്യാര്‍ത്ഥികള്‍ തന്നെ ഏര്‍പ്പാടാക്കിയ ബസ് ആയിരുന്നു ഇത്. ബസ് പുറപ്പെടാന്‍ നേരത്ത് പൊലീസുകാര്‍ വന്ന് വാതില്‍ക്കല്‍ നില്‍ക്കുകയും തുടര്‍ന്ന് ബസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

"

പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇന്ന് ഹൈദരാബാദില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.