വോട്ട് രേഖപ്പെടുത്തരുതെന്നും ആരെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അവര്‍ കൊലപ്പെടുമെന്നും പോസ്റ്ററുകളിലൂടെ ഹിസ്ബുള്‍ പറയുന്നു.

ശ്രീനഗര്‍: വോട്ട് ചെയ്യരുതെന്നും സൈനിക സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും ഭീഷണിപ്പെടുത്തി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോസ്റ്ററുകള്‍ പതിച്ചു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുമെന്നും കുട്ടികളെ ആര്‍മി സ്കൂളുകളിലേക്ക് അയയ്ക്കുകയാണെങ്കില്‍ മാതപിതാക്കള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. 

ഷോപ്പിയാന്‍ മേഖലയ്ക്ക് സമീപമുള്ള കരേവ, നദ്പൊറ എന്നീ ഗ്രാമങ്ങളിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. വോട്ട് രേഖപ്പെടുത്തരുതെന്നും ആരെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അവര്‍ കൊലപ്പെടുമെന്നും പോസ്റ്ററുകളിലൂടെ ഹിസ്ബുള്‍ പറയുന്നു.

ജമ്മു കശ്മീരിലെ വിവധ സ്ഥലങ്ങളിലായി 43 സൈനിക സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം സിബിഎസ്ഇ സ്കൂളുകളാണ്. 15,000 വിദ്യാര്‍ത്ഥികളും 1000 ത്തോളം ജീവനക്കാരും ഈ സ്കൂളുകളിലുണ്ട്.