എംഎൽഎ അശ്വത് നാരായൺ ഉൾപ്പടെയുള്ള ബിജെപി നേതാക്കളാണ് തന്നെ സമീപിച്ചതെന്നും കൂറുമാറാൻ അഞ്ച് കോടി രൂപ വാ​ഗ്‍‍ദാനം ചെയ്തെന്നുമാണ് ശ്രീനിവാസ് ഗൗഡയുടെ ആരോപണം. 

ബെം​ഗളൂരു: വിശ്വാസവോട്ടെടുപ്പ് ചർച്ചക്കിടെ കുതിരക്കച്ചവട ആരോപണവും കർണാടക നിയമസഭയിൽ ഉയർന്നു. കോടികൾ വാ​ഗ്‍ദാനം ചെയ്ത് ബിജെപി എംഎൽഎമാർ തന്നെ സമീപിച്ചെന്ന് ജെഡിഎസ് എംഎൽഎ ശ്രീനിവാസ് ഗൗഡ ആരോപിച്ചു. എംഎൽഎ അശ്വത് നാരായൺ ഉൾപ്പടെയുള്ള ബിജെപി നേതാക്കളാണ് തന്നെ സമീപിച്ചതെന്നും കൂറുമാറാൻ അഞ്ച് കോടി രൂപ വാ​ഗ്‍‍ദാനം ചെയ്തെന്നുമാണ് ശ്രീനിവാസ് ഗൗഡയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ സഭയിൽ വച്ച് തന്നെ നിഷേധിച്ച ബിജെപി ഗൗഡയ്ക്ക് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും വ്യക്തമാക്കി.

മുംബൈയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീൽ പറന്നതിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് സഭയിൽ ആവർത്തിച്ചു. ഇതുസംബന്ധിച്ച് ഇന്നും സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ സഭയിലെത്താൻ കഴിയില്ലെന്നും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ശ്രീമന്ത് പാട്ടീൽ നൽകിയ കത്ത് സ്പീക്കർ വായിച്ചു.

സ്പീക്കറുടെ നിർദേശപ്രകാരമുളള അന്വേഷണത്തിന്‍റെ ഭാഗമായി മുംബൈയിലെത്തിയ ബെം​ഗളൂരു പൊലീസ് ആശുപത്രിയിൽ കഴിയുന്ന ശ്രീമന്ത് പാട്ടീലിന്റെ മൊഴി രേഖപ്പെടുത്തി. ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് അദ്ദേഹം മൊഴി നൽകി. മുംബൈയിലെ റിസോര്‍ട്ടില്‍ നിന്ന് പാട്ടീലിനെ കാണാതായിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണി മുതലാണ് ഇയാളെ റിസോര്‍ട്ടില്‍നിന്ന് കാണാതായത്.

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോര്‍ട്ടില്‍ വെച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്. എന്നാൽ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസി വ്യക്തമാക്കി. വിമത എംഎൽഎമാരുമായി ബന്ധപ്പൊനുള്ള എല്ലാ സാധ്യതകളും കോൺഗ്രസ് തേടുന്നുണ്ട്. ഇതിനിടെ വിമതർക്കൊപ്പം മുംബൈയിലുള്ള ഗോപാലയ്യ വിളിച്ചിട്ടാണ് ഡി കെ ശിവകുമാറിനൊപ്പം പോയതെന്ന് ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡ സഭയിൽ പറഞ്ഞു.