ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍നിന്ന് കരളലിയിക്കും കാഴ്ചകള്‍. ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം. ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു അമ്മയും കുഞ്ഞും. ബന്ധുവായ മറ്റൊരു സ്ത്രീയെത്തിയാണ് കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത്. പ്രസവിച്ചതിന് ശേഷമാണ് യുവതിയെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റിയത്. സംഭവത്തില്‍ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 
സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. കുറ്റക്കാര്‍ രക്ഷപ്പെടരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.

2017ല്‍ നവജാത ശിശുക്കള്‍ ഈ ആശുപത്രിയില്‍ മരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഓക്സിജന്‍റെ ലഭ്യതയില്ലാത്തതാണ് മരണകാരണമെന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ വര്‍ഷം ജലുവാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് യുവതി റോഡരികില്‍ പ്രസവിച്ചിരുന്നു.