മരിക്കും മുമ്പ് അമ്മയ്ക്ക് വെന്റിലേറ്റർ നിരസിച്ചുവെന്ന് ആശുപത്രി രേഖകളിൽ എഴുതി വെച്ചതാണ് മകനിൽ സംശയം ജനിപ്പിച്ചത്. പിന്നാലെ അന്വേഷണം.
ഭോപ്പാൽ: മോഷ്ടിച്ച രേഖകൾ ഉപയോഗിച്ചും ആൾമാറാട്ടം നടത്തിയും ഡോക്ടറായ യുവാവ് ഒടുവിൽ ഒരു രോഗിയുടെ ബന്ധു നടത്തിയ അന്വേഷണത്തിൽ കുടുങ്ങി. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നയാൾക്കെതിരെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നത്. മനോജ് കുമാർ എന്ന റെയിൽവെ ഉദ്യോഗസ്ഥനാണ് അന്വേഷണവുമായി മുന്നിട്ടിറങ്ങിയത്. പിന്നീട് അദ്ദേഹം പരാതി നൽകി.
രോഗിയായ അമ്മയെയും കൊണ്ട് മനോജ് കുമാർ ജബൽപൂരിലെ മാർബിൾ സിറ്റി ആശുപത്രിയിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അമ്മയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ മനോജിനെ അറിയിച്ചു. എന്നാൽ പിന്നീട് ആശുപത്രിയിലെ ചികിത്സാ രേഖകൾ കണ്ടപ്പോൾ രോഗിയുടെ കുടുംബാംഗങ്ങൾ വെന്റിലേറ്റർ ചികിത്സ നിരസിച്ചുവെന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനോജ് കണ്ടു. താനോ ബന്ധുക്കളോ ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മനോജ് പറയുന്നു.
ഡോക്ടറെ കണ്ട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുമതി കിട്ടിയില്ല. ഇതോടെ ചികിത്സിച്ച ഡോക്ടർ ആരാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. ഡോ. ബ്രിജ്‍രാജ് ആണ് ചികിത്സ നടത്തിയതെന്ന് മനസിലാക്കിയതോടെ ഇയാളെക്കുറിച്ചായി അന്വേഷണം. കണ്ടെത്തിയതാവട്ടെ സിനിമാ കഥകളെ വെല്ലുന്ന കാര്യങ്ങളും. ഒടുവിൽ ഡോ. ബ്രിജ്‍രാജിന്റെ യഥാർത്ഥ പേര് സത്യേന്ദ്ര നിഷാദ് എന്നാണെന്നും മോഷ്ടിച്ച രേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി സംവരണ അട്ടിമറിയിലൂടെയാണ് അദ്ദേഹം ഡോക്ടറായതെന്നും മനോജ് കുമാർ കണ്ടെത്തുകയായിരുന്നു.
സത്യേന്ദ്ര നിഷാദ് തനിക്കൊപ്പം പന്ത്രണ്ടാം ക്ലാസിൽ ഒരുമിച്ച് പഠിച്ച ബ്രിജ്‍രാജ് എന്നയാളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും മോഷ്ടിക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് ആദിവാസി വിഭാഗത്തിനുള്ള സംവരണ ക്വാട്ടയിൽ എംബിബിഎസ് പ്രവേശനം നേടിയത്. യഥാർത്ഥ ബ്രിജ്‍രാജാവട്ടെ ഇപ്പോൾ പെയിന്റിങ് ജോലി ചെയ്ത് ജീവിക്കുന്നു. സംഭവം അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ഞെട്ടൽ. തന്റെ സർട്ടിഫിക്കറ്റുകളും രേഖകളും 2012ൽ നഷ്ടപ്പെട്ടെന്നും അത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും യഥാർത്ഥ ബ്രിജ്‍രാജ് പറഞ്ഞു. സത്യേന്ദ്രയാവട്ടെ മോഷ്ടിച്ച രേഖകൾ ഉപയോഗിച്ച് പ്രവേശന പരീക്ഷയെഴുതി മെഡിക്കൽ കോളേജിൽ പ്രവേശനം നേടുകയും എംബിബിഎസ് പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടി. അതിന് ശേഷം ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബിരുദവും സ്വന്തമാക്കി.
രണ്ട് വർഷം ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത ശേഷമാണ് സ്വകാര്യ ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും സത്യേന്ദ്ര നിഷാദ് എന്ന സ്വന്തം പേര് മാറ്റി എല്ലായിടത്തും ബ്രിജ്‍രാജ് തന്നെയായി മാറിയിരുന്നു. ഡോക്ടറുടെ പന്ത്രണ്ടാം ക്ലാസ് മുതലുള്ള രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതായി ജബൽപൂർ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ഡോ. സഞ്ജയ് മിശ്ര പറഞ്ഞു. ആദ്യം മുതൽ തന്നെ എല്ലാം വ്യാജ രേഖകളായതിനാൽ അവ കണ്ടെത്താൻ സാധിച്ചില്ലെന്നും ഇപ്പോൾ പൊലീസ് നടപടി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്, ആൾമാറാട്ടം, സംവരണ അനുകൂല്യങ്ങളുടെ അട്ടിമറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് സൂപ്രണ്ട് സോനു കുർമി പറഞ്ഞു. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് അധികൃതർ.


