ദില്ലി: രാജ്യതലസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെആർ എം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. അംബേദ്ക്കർ ആശുപത്രിയിൽ 9 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ 38 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാദിച്ചത്. ദില്ലിയിൽ മാത്രം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 256 ആയി ഉയർന്നു. അതിനിടെ എൽഎൻജെപി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

ആശങ്കയോടെ കോട്ടയം; ഇന്ന് പ്രതീക്ഷിക്കുന്നത് 395 പേരുടെ പരിശോധനാഫലം

അതേ സമയം മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ ആശുപത്രികൾ കൊവിഡ് പരിശോധനക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാർഗരേഖ അനുസരിച്ച് മാത്രമെ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളു. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇടപെൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്രആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ദില്ലിയിൽ ഇതുവരെ  3314 പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചത്.