വീട്ടുജോലിക്കാരി ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകളുമായി അസോസിയേഷനെ സമീപിക്കുമ്പോൾ ഭരവാഹികൾക്ക് തോന്നിയ സംശയത്തിലാണ് തട്ടിപ്പ് പൊളിയുന്നത്.

മുംബൈ: വൃദ്ധസദനത്തിലേക്ക് താമസം മാറിയ മുൻ ഐഐടി പ്രൊഫസർ ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിലേക്ക് ആക്കാൻ ആവശ്യപ്പെട്ടു. റസിഡന്റ് അസോസിയേഷന്റെ സംശയത്തിൽ പൊളിഞ്ഞത് കോടികളുടെ തട്ടിപ്പ്. അറസ്റ്റിലായത് മുൻ ഐഐടി പ്രൊഫസറുടെ വ‍ർഷങ്ങളായുള്ള വീട്ടുജോലിക്കാരി അറസ്റ്റിൽ. മുംബൈയിലെ ഹീരാ നന്ദനി ഗാ‍ർഡൻ ഫ്ലാറ്റിലാണ് സംഭവം. വ‍ർഷങ്ങളായി കോളനിയിൽ കോടികൾ വില വരുന്ന നാല് ഫ്ലാറ്റുകളാണ് ഐഐടി മുംബൈയിൽ നിന്ന് വിരമിച്ച മൻമോഹൻ എന്ന 80കാരനുണ്ടായിരുന്നത്. 2009 മുതൽ ഈ ഫ്ലാറ്റിലായിരുന്നു മൻമോഹൻ താമസിച്ചിരുന്നത്. പൂനെയിലെ ആശുപത്രിയിൽ സ‍ർജനായ മകനൊപ്പമായിരുന്നു മൻമോഹന്റെ ഭാര്യ താമസിച്ചിരുന്നത്. താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ തന്നെ മറ്റ് ഫ്ലാറ്റുകൾ മൻമോഹൻ വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.

മുംബൈയിൽ താമസിച്ചിരുന്ന മൻമോഹന്റെ വീട്ടിലെ ജോലിക്കായിയായിരുന്നു നികിത വിജയ് നായിക്. 2017 മുതലാണ് നികിത മൻമോഹനൊപ്പം ജോലി ചെയ്യുന്നത്. വിശ്വാസം നേടിയെടുത്ത യുവതിക്ക് മൻമോഹന്റെ കുടുംബത്തിന്റെയും സ്വത്തുക്കളുടേയും നിക്ഷേപങ്ങളുടേയും വിവരം കൃത്യമായി അറിവുണ്ടായിരുന്നു. പ്രായം ഏറിയതിന് പിന്നാലെ ബാങ്കിടപാടുകളും ഉത്തരവാദിത്തമുള്ള ജോലികളും മൻമോഹൻ നികിതയേയായിരുന്നു ഏൽപ്പിച്ചിരുന്നത്. മൻമോഹന്റെ എടിഎം കാർഡിന്റെ പിൻ അടക്കം യുവതിക്ക് അറിയാമായിരുന്നു. പലപ്പോഴായി 1.12 കോടിയുടെ ആഭരണങ്ങളും പണവുമാണ് മൻമോഹന്റെ ഫ്ലാറ്റിൽ നിന്നും തന്ത്രപരമായി നികിത തട്ടിയെടുത്തത്. ഇതിന് പിന്നാലെ മൻമോഹന് കാഴ്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതോടെ വിഖ്രോളിയിലെ ഒരു വൃദ്ധ സദനത്തിലേക്ക് വീട്ടുജോലിക്കാരി മൻമോഹനെ മാറി. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇത്.

ഏപ്രിൽ മാസത്തിൽ മൻമോഹനെ വൃദ്ധ സദനത്തിൽ നിന്ന് ആശുപത്രിയിൽ സ്ഥിരം പരിശോധനകൾക്കായി കൊണ്ടുവന്ന സമയത്ത് വീട്ടുജോലിക്കാരി തന്ത്രപരമായി പല രേഖകളിലും ഒപ്പുവപ്പിച്ചിരുന്നു. നാല് ഫ്ലാറ്റുകളും മൂന്നിലൊന്ന് ഷെയ‍ർ വീട്ടുജോലിക്കാരിക്കായി നൽകുന്ന രേഖകളിലായിരുന്നു നികിത ഏപ്രിലിൽ മൻമോഹനിൽ നിന്ന് സ്വന്തമാക്കിയത്. വീട്ടുജോലിക്കാരിയെ വിശ്വസിച്ചിരുന്നതിനാൽ ഇത് മറ്റാരും അറിഞ്ഞിരുന്നുമില്ല. ബാങ്കിൽ നിന്ന് ലോക്കറിൽ വച്ചിരുന്ന ആഭരണങ്ങളും നികിത അടിച്ചുമാറ്റി. അടുത്തിടെയാണ് ഷെയ‍ർ സ‍ർട്ടിഫിക്കറ്റ് തന്റെ പേരിലേക്ക് ആക്കാനുള്ള കൃത്യമായ രേഖകളോട് കൂടിയ നികിതയുടെ അപേക്ഷ ഫ്ലാറ്റ് അസോസിയേഷന് ലഭിക്കുന്നത്.

ആറ് കോടിയിലേറ വില വരുന്ന ഫ്ലാറ്റുകളുടെ മൂന്നിലൊന്ന് ഷെയർ വീട്ടുജോലിക്കാരിയുടെ പേരിൽ മൻമോഹൻ നൽകുമോയെന്ന് അസോസിയേഷൻകാർക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെയാണ് അസോസിയേഷൻ പ്രസിഡന്റ് മൻമോഹന്റെ മകനുമായി ബന്ധപ്പെടുന്നത്. ഈ സമയത്താണ് പിതാവ് വൃദ്ധ സദനത്തിലാണ് കഴിയുന്നതെന്ന വിവരം മകൻ തിരിച്ചറിയുന്നത്. പിതാവിനെ വീട്ടുജോലിക്കാരി പറ്റിച്ചതായി മകനാണ് പവായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മൻമോഹന്റെ മൊഴി കൂടിയെടുത്ത പൊലീസ് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം