ഹിമാചൽ പ്രദേശിലെ നൂർപൂരിൽ വീട്ടിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന സ്ത്രീയും മരുമകളും അറസ്റ്റിലായി. ഇവരിൽ നിന്ന് 17.91 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

ഷിംല: വീട്ടിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന സ്ത്രീയും മരുമകളും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ നൂർപൂരിലാണ് സംഭവം. ചമ്പ (56), സാക്ഷി (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 17.91 ഗ്രാം ഹെറോയിൻ പൊലീസ് പിടിച്ചെടുത്തു. പുരുഷനായ ഒരു കുടുംബാംഗത്തിന്റെ പങ്ക് നിലവിൽ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ദംതാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഛന്നിയിൽ മയക്കുമരുന്ന് വിൽപന നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സ്ത്രീകളെ പിടികൂടിയത്. ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കൈവശം ഹെറോയിൻ കണ്ടെത്തി. ഈ സ്ത്രീകളിൽ ഒരാൾ മുമ്പും മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ലഹരിക്ക് അടിമകളായ ആളുകൾക്ക് നൽകാനായി ഹെറോയിൻ പൊതിയാൻ ഉപയോഗിക്കുന്ന ഫോയിൽ പേപ്പർ ഉൾപ്പെടെയുള്ള കൂടുതൽ വസ്തുക്കൾ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഥലത്ത് ലഹരിവസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായി ഒരു വ്യാജ ഉപഭോക്താവിനെ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ദാതാൽ പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ട് സെക്ഷൻ 21, 29 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ചിറ്റ എന്നറിയപ്പെടുന്ന ഹെറോയിൻ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.