ബെംഗളൂരു: വീട്ടിൽ കയറിയ കളളനെ കൈയ്യോടെ പിടികൂടാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് പരിക്കേറ്റു. മോഷ്ടാവുമായുള്ള ബലപ്രയോഗത്തിനിടെ യുവതിയെ തള്ളിയിട്ട് കള്ളൻ രക്ഷപ്പെടുകയായിരുന്നു. നിലത്തു തെറിച്ചു വീണ വീട്ടമ്മയ്ക്ക് തലയ്ക്കു പിന്നിൽ മുറിവേറ്റു.

വസന്ത് നഗറിൽ താമസിക്കുന്ന വീട്ടമ്മയും ഭർത്താവിന്റെ അമ്മയും രാത്രി ഒൻപതു മണിയോടെ പുറത്തുപോയി വന്നപ്പോൾ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മുറിക്കുള്ളിൽ വെളിച്ചം കണ്ട് ഉളളിൽ പ്രവേശിച്ചപ്പോഴാണ് ഹെൽമറ്റ്  ധരിച്ച നിലയിൽ മോഷ്ടാവ് നിൽക്കുന്നത് കണ്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Read More: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവാക്കളുടെ അതിക്രമം; തടയാനെത്തിയ പൊലീസിന് നേരെ കത്തി വീശി

അലമാരകളിലുള്ള വസ്തുക്കൾ രണ്ട് ബാഗുകളിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മോഷ്ടാവിൽ നിന്നും ബാഗുകൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ബലപ്രയോഗത്തിനിടെ മോഷ്ടാവ് യുവതിയെ ദൂരെയ്ക്ക് തട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ഒരു ബാഗ് മുറിയിൽ വിട്ടാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതെന്നും യുവതി പോലീസിനെ അറിയിച്ചു. സംഭവത്തിൽ വസന്ത്നഗർ പോലീസ് കേസെടുത്തു.