Asianet News MalayalamAsianet News Malayalam

അർദ്ധരാത്രി 2 മണിക്ക് മതിലുചാട്ടം, ഓട്ടം; മധ്യപ്രദേശിലെ രാത്രി നാടകമിങ്ങനെ..

പുലർച്ചെ രണ്ട് മണിയാണ് സമയം. മധ്യപ്രദേശിലെ മന്ത്രിമാരായ ജയ്‍വർദ്ധൻ സിംഗും ജിതു പട്‍വാരിയും ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിൽ നിന്ന് തിരക്കിട്ട് നടന്നുവരുന്നത് കാണാമായിരുന്നു. ഒപ്പം ബിഎസ്‍പിയിലെ സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രമാബായിയും..

how 2 am rescue drama of madhyapradesh mla from gurgaon 5 star hotel unfolded
Author
Gurugram, First Published Mar 4, 2020, 2:17 PM IST

ദില്ലി: ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബിജെപിക്കാർ 'തടങ്കലിൽ വച്ച' എട്ടിൽ നാല് എംഎൽഎമാരും തിരികെയെത്തിയതായി കോൺഗ്രസ് അവകാശപ്പെടുന്നു. രാത്രി നടന്ന 'രക്ഷപ്പെടുത്തൽ നാടക'ത്തിന് നേതൃത്വം നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്ന ദിഗ്‍വിജയ് സിംഗും മകനും മന്ത്രിയുമായ ജയ്‍വർദ്ധൻ സിംഗുമാണ്. തിരികെയെത്തിച്ച നാല് എംഎൽഎമാരെ പേര് വെളിപ്പെടുത്താത്ത ഇടത്തേക്ക് രഹസ്യമായി മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. എപ്പോൾ വേണമെങ്കിലും ഇനിയും എംഎൽഎമാർ കളം മാറിച്ചവിട്ടാം എന്നതിനാൽ കടുത്ത ആശങ്കയിൽ ആടിയുലഞ്ഞ് നിൽക്കുകയാണ് മധ്യപ്രദേശ് സർക്കാർ. 

ദിഗ്‍വിജയ് സിംഗും മകൻ ജയ്‍വർദ്ധൻ സിംഗും മറ്റൊരു മന്ത്രിയായ ജിതു പട്‍വാരിയും ഗുഡ്‍ഗാവിലെ മനേസറിലുള്ള ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലെത്തുന്നത് പുലർച്ചെ ഒരു മണിക്കാണ്. തടഞ്ഞു വച്ചിരിക്കുകയാണ് എന്ന സന്ദേശം കിട്ടിയിട്ടാണ് പോയതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞെങ്കിലും സ്വന്തം പാളയത്തിലെ എംഎൽഎമാർ മറുകണ്ടം ചാടിയെന്ന് മനസ്സിലായപ്പോഴാണ് ഇവർ തിരക്കിട്ട് ഹോട്ടലിലേക്ക് പാഞ്ഞെത്തിയത്. 

രണ്ട് മണിയോടെ ജയ്‍വർദ്ധനും ജിതു പട്‍വാരിയും ഹോട്ടൽ ലോബിയിലൂടെ തിരക്കിട്ട് നടന്ന് വരുന്നത് കാണാമായിരുന്നു. ഒപ്പമുണ്ടായിരുന്നത് ബിഎസ്‍പി എംഎൽഎ രമാബായി. പച്ച കുർത്തയും മഞ്ഞ ജാക്കറ്റുമിട്ട് കൂടെ തിരക്കിട്ട് നടന്നുവന്ന അവരുടെ പെട്ടി, ജയ്‍വർദ്ധനാണ് പിടിച്ചിരുന്നത്. 

''ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തെയും ഈ എംഎൽഎമാരുടെ കുടുംബങ്ങളെയുമാണ് അപമാനിച്ചിരിക്കുന്നത്. വെറും പണവും മസിൽ പവറും കൊണ്ട് സർക്കാരുണ്ടാക്കാം എന്നാണോ ഇവരുടെ വിചാരം? കമൽനാഥ് സർക്കാർ അഞ്ച് വർഷം തികച്ച് ഭരിക്കും'', എന്ന് ജയ്‍‍വർദ്ധൻ സിംഗ് ട്വീറ്റ് ചെയ്തു. 

ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിനകത്തുള്ളത് മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു സ്വതന്ത്രനുമാണെന്നാണ് സൂചന. ഹർദീപ് ദംഗ്, രഘുരാജ് കൻസാന, ബിസാഹുലാൻ സിംഗ് എന്നീ കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രൻ ഷെര ഭയ്യയുമാണ് ഹോട്ടലിലുള്ളത്. ഇവരെ നാല് പേരെയും ബിജെപി ഭരിക്കുന്ന കർണാടകയിലെ ചിക്ക്മംഗളൂരിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇവരെ ബന്ധപ്പെടാൻ പല തരത്തിലും കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. പറ്റുന്നില്ല. നിലവിൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ നിന്ന് 'രക്ഷിച്ച' എംഎൽഎമാർ ദക്ഷിണദില്ലിയിലെ വസന്ത് കുഞ്ജിലുണ്ട്. ബിഎസ്‍പി എംഎൽഎ രമാബായി, കോൺഗ്രസിന്‍റെ സഞ്ജീവ് സിംഗ്, രൺവീർ ജാദവ്, രാജ്‍വർദ്ധൻ ദത്തിഗാവ്, കമലേഷ് ജാദവ് എന്നിവർ, എസ്‍പിയുടെ ഏക എംഎൽഎ രാജേഷ് ശുക്ല എന്നിവരാണ് വസന്ത് കുഞ്ജിലുള്ളത്.

സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധി ഉടൻ പരിഹരിക്കും. എംഎൽഎമാരെ ബന്ധപ്പെടാൻ സാധിച്ചു. പ്രതിസന്ധിക്ക് പിന്നിൽ കോൺഗ്രസിലെ പ്രശ്നങ്ങളല്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണ് മധ്യപ്രദേശിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

കഴിഞ്ഞ വ‍ർഷം ജൂലൈയിൽ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവും ബിജെപി എംഎൽഎയുമായ ഗോപാൽ ഭാർഗവ കമൽനാഥ് സർക്കാരിനെ താഴെ വീഴ്‍ത്തുമെന്ന് തുറന്ന ഭീഷണി മുഴക്കിയിരുന്നതാണ്. മധ്യപ്രദേശ് നിയമസഭയിൽ ക്രിമിനൽ നിയമഭേദഗതി വോട്ടിനിട്ട് പാസ്സാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഭീഷണി. ''ഞങ്ങളുടെ മുകളിലുള്ള നമ്പർ 1-ഓ നമ്പർ 2-വോ ഒന്ന് ഉത്തരവിട്ടാൽ മതി, നിങ്ങളുടെ സർക്കാർ 24 മണിക്കൂർ പോലും തികയ്ക്കില്ല'', എന്നായിരുന്നു ഗോപാൽ ഭാർഗവ വെല്ലുവിളിച്ചത്.

ജൂലൈ 24-ന്, 231 അംഗ മധ്യപ്രദേശ് നിയമസഭയിൽ 122 വോട്ടുകൾ നേടി കമൽനാഥ് സർക്കാർ ആ ബില്ല് അന്ന് പാസ്സാക്കി. കേവലഭൂരിപക്ഷത്തേക്കാൾ ഏഴെണ്ണം കൂടുതൽ.

231 അംഗനിയമസഭയാണെങ്കിലും, രണ്ട് എംഎൽഎമാർ മരിച്ചതിനാൽ, നിലവിൽ 228 അംഗങ്ങൾ മാത്രമാണ് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന്‍റെ അംഗബലം 114 ആണ്. ബിജെപി 107. ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ രണ്ടെണ്ണം ബിഎസ്‍പിയുടേതാണ്. എസ്‍പിക്ക് ഒരു എംഎൽഎയുണ്ട്. ഇപ്പോൾ പഞ്ചനക്ഷത്രഹോട്ടലിലുള്ള നാല് സ്വതന്ത്രരാണ് ബാക്കിയുള്ളവർ.

Follow Us:
Download App:
  • android
  • ios