വാട്‍സാപ്പിൽ ലഭിക്കുന്ന വികസിത് ഭാരത് സന്ദേശത്തിന്‍റെ പേരിലാണ് വിവാദം

ദില്ലി: നിഷ്പക്ഷമായല്ല തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേൽനോട്ടത്തില്‍ പശ്ചിമ ബംഗാളില്‍ തെര‍ഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടി സ്വീകരിക്കും. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയതെന്ന് അറിയേണ്ടതുണ്ടെന്നും സാഗരിക ഘോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വാട്‍സാപ്പിൽ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്‍റെ പേരിലാണ് വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് കിട്ടി. സർക്കാരിൻറെ കൈയ്യിലുള്ള വിവരം എങ്ങനെ ബിജെപിക്ക് കിട്ടിയെന്നാണ് സാഗരിക ഘോഷ് ചോദിക്കുന്നത്. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഐടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് സാഗരിക ഘോഷ് ആരോപിച്ചു. ബംഗാളില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നു. മാത്രമല്ല ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലം മാറ്റുന്നു. സുതാര്യമല്ലെങ്കില്‍ കോടതിയുടെ മേൽനോട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടത്താനുള്ള നടപടി നോക്കുമെന്നും സാഗരിക ഘോഷ് പറഞ്ഞു. ബിജെപി തോല്‍പ്പിക്കുക എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. തൃണമൂല്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണെന്നും എംപി പറഞ്ഞു.

YouTube video player