സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വിട്ടുനിന്നു. കഴിഞ്ഞ വർഷത്തെ ഇരിപ്പിട ക്രമീകരണത്തിലെ അതൃപ്തിയാണ് കാരണമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതാക്കൾ ഇരുവരെയും വിമർശിച്ചു.

ദില്ലി: സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വിട്ടുനിന്നു. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാക്കളായ ഇരുവരും പരിപാടിയില്‍ പങ്കെടുത്തില്ല. ഇതിനെ സങ്കുചിത മനസെന്ന് അപലപിച്ച ബിജെപി, പാകിസ്ഥാന്‍ അനുകൂലികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തോന്നുമെന്നും വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം പരിപാടിക്കെത്തിയ രാഹുല്‍ ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയത് വിവാദമായിരുന്നു. രാഹുലും ഖര്‍ഗെയും അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചില്ല.

അതേസമയം, രാഹുൽ ഗാന്ധി ദില്ലിയിലെ ഇന്ദിരാഭവനിലും മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇരുവരും ആഘോഷ പരിപാടിയിൽ നിന്നും വിട്ട് നിന്നതിനെ ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നടപടി നാണംകെട്ട പ്രവൃത്തിയാണെന്നും ഇരുവർക്കും സങ്കുചിത മനസാണെന്നും ബിജെപി കുറ്റപ്പെടുത്തി.

നേതാക്കളുടെ അസാന്നിധ്യത്തിന് ഔദ്യോഗികമായി ഒരു വിശദീകരണവും കോൺഗ്രസ് നൽകിയിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷം ചെങ്കോട്ടയിലെ ഇരിപ്പിടക്രമത്തിൽ രാഹുൽ ഗാന്ധിക്കുണ്ടായ അതൃപ്തിയാണ് വിട്ട് നിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒളിമ്പിക് താരങ്ങൾക്ക് ഇരിപ്പിടം നൽകാനായി രാഹുൽ ഗാന്ധിയെ അവസാന നിരയിലേക്ക് മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ വിഷയത്തിൽ ഇതുവരെയും രാഹുലും, ഖർഗെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, 103 മിനിറ്റ് ദൈർഘ്യമേറിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം. സ്വാതന്ത്യ ദിന പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്ക്കരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടിയില്‍ കാര്യമായ ഇളവുണ്ടാകുമെന്നും അറിയിച്ചു. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ മെഗാ തെൊഴിലവസര പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാറിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.