ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലേക്ക് എമിറൈറ്റ്സ് വിമാനത്തിൽ എത്തുന്ന യുവനടി രന്യ റാവുവിന് സുരക്ഷാ പരിശോധന ഒഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ അകമ്പടി വന്നിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധരിച്ചിരുന്ന ജാക്കറ്റിലും ബെൽറ്റിലുമായി 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ കണ്ടെത്തിയത്. 

ബെംഗളൂരു: ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച നിലയിൽ സ്വർണം. ഗ്രീൻ ചാനലിലൂടെ പുറത്ത് എത്താൻ പൊലീസ് കോൺസ്റ്റബിൾ ഒപ്പം. എയർപോർട്ടിൽ നിന്നുള്ള യാത്ര സർക്കാർ വാഹനത്തിൽ. കർണാടകയിൽ യുവ നടി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലേക്ക് എമിറൈറ്റ്സ് വിമാനത്തിൽ എത്തുന്ന യുവനടി രന്യ റാവുവിന് സുരക്ഷാ പരിശോധന ഒഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ അകമ്പടി വന്നിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധരിച്ചിരുന്ന ജാക്കറ്റിലും ബെൽറ്റിലുമായി 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ കണ്ടെത്തിയത്. 

ഇവരുടെ മുൻ യാത്രകളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 10 തവണയാണ് യുവനടി ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ മാത്രം നാല് തവണയാണ് രന്യ റാവു ദുബായിലെത്തി മടങ്ങിയത്. 12.56 കോടിയുടെ സ്വർണമാണ് രന്യ റാവുവിൽ നിന്ന് കണ്ടെത്തിയത്. യുവനടിയുടെ അപാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയുടെ കറൻസിയുമാണ് കണ്ടെത്തിയിട്ടുള്ളത്. 1962ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യുവ നടി രന്യ റാവുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

കർണാടകയിലെ ചിക്കമംഗളൂരു സ്വദേശിനിയായ രന്യ എൻജിനിയറിംഗ് ബിരുദധാരിയാണ്. അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് നടിയെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാക്കിയത്. ഇതിനുപുറമേ തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരവും നിര്‍ണായകമായി. തുടര്‍ന്നാണ് ദുബായില്‍നിന്നെത്തിയ നടിയെ സ്വര്‍ണവുമായി ഡിആര്‍ഐ. സംഘം കൈയോടെ പിടികൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് ​രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. 

കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ടുപെണ്‍മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. നിലവിൽ കർണാടക പൊലീസ് ഹൌസിംഗ് കോർപ്പറേഷന്റെ ഡിജിപി പദവിയാണ് കെ രാമചന്ദ്ര റാവു വഹിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം