Asianet News MalayalamAsianet News Malayalam

മുദ്രാവാക്യം വിളിക്കാൻ വെറും നാലുപേർ, എന്നിട്ടും ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു!

ഇന്നുച്ചയ്ക്ക് മാധ്യമപ്രവർത്തകരുടെ ഗ്യാലറിയിൽ ഇരുന്നപ്പോൾ കണ്ടത് കൗതുകകരമായ കാഴ്ചകൾ

How did the Lok Sabha end for today  Prasanth Raghuvamsam  writes
Author
Kerala, First Published Jul 22, 2022, 9:07 PM IST

വെള്ളിയാഴ്ചകളിൽ സാധാരണ പാർലമെൻറിൽ ഒരു അവധിയുടെ മൂഡാണ്. ഉച്ചയ്ക്കു ശേഷമായാൽ ചിലപ്പോൾ ക്വാറം തികയ്ക്കാനുള്ള അംഗങ്ങൾ പോലും ഉണ്ടാവില്ല. സ്വകാര്യ അംഗങ്ങളുടെ ദിവസമാണ് വെള്ളിയാഴ്ച. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളുമൊക്കെ അവതരിപ്പിക്കാനുള്ള സമയം ഉച്ചതിരിഞ്ഞാണ് നല്കുന്നത്. കേരളത്തിലെ ഉൾപ്പടെ അംഗങ്ങൾ അജണ്ടയിൽ പേരില്ലെങ്കിൽ ഉച്ചയ്ക്ക് പാർലമെൻറ് പരിസരം വിടും. കിട്ടുന്ന വിമാനം പിടിച്ച് നാട്ടിലെത്തും. ശനിയും ഞായറും മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

ഇന്നുച്ചയ്ക്ക് മാധ്യമപ്രവർത്തകരുടെ ഗ്യാലറിയിൽ ഇരുന്നപ്പോൾ കണ്ടത് കൗതുകകരമായ കാഴ്ചകൾ. ചെയറിലുണ്ടായിരുന്നത് ഉത്തർപ്രദേശിലെ മീററ്റിലെ എംപിയായ രാജേന്ദ്ര അഗർവാൾ. സഭ രണ്ടു മണിയായപ്പോൾ വീണ്ടു തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങി. കോൺഗ്രസ് ലോക്സഭ നേതാവ് അധിർരഞ്ജൻ ചൗധരി സീറ്റിലുണ്ടായിരുന്നു. ചൗധരി എണീറ്റ് നിന്ന് പ്രതിഷേധത്തിനുള്ള നിർദ്ദേശങ്ങൾ നല്കുന്നു. എന്നാൽ മുദ്രാവാക്യം വിളിക്കാനുള്ളത് നാലു കോൺഗ്രസ് എംപിമാർ. രാജ്മോഹൻ ഉണ്ണിത്താൻ,  ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബീഹാറിൽ നിന്നുള്ള മൊഹമ്മദ് ജാവേദ്. തമിഴ്നാട്ടിലെ ഒരംഗം കൂടി പിന്നീട് ചേർന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഇരിപ്പിടത്തിനടുത്ത് എണീറ്റ് നിന്ന് പ്രതിഷേധിക്കുന്നതും കണ്ടു. മുദ്രാവാക്യമൊന്നും ഗൗനിക്കാതെ ചെയർ ഒരു ബില്ല് പാസ്സാക്കുന്നതിനുള്ള നടപടിയിലേക്ക് കടന്നു. അൻറാർട്ടിക്ക് മേഖലയുടെ സംരക്ഷണത്തിനുള്ള കൺവെൻഷനിൽ ഇന്ത്യ ഒപ്പു വച്ചിരുന്നു.  ഇതിന് അംഗീകാരം നല്കാനുള്ള ബില്ലാണ് ചർച്ചയ്ക്കെടുത്തത്.

ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ചർച്ച തുടങ്ങിയതും അധിർരഞ്ജൻ ചൗധരി വിളിച്ചു പറഞ്ഞു...” ഇതു പറ്റില്ല. ഞങ്ങൾ കുറെ പേർ മുദ്രാവാക്യം വിളിച്ചു നില്ക്കുമ്പോൾ നിങ്ങൾക്ക് ബില്ല് പാസ്സാക്കാനാവില്ല.” അധിർരഞ്ജൻ ചൗധരി ഈ നിലപാടെടുത്തതോടെ ഹൈബി ഈഡനും ഡീൻ കുര്യക്കോസും ശബ്ദം കൂട്ടി. ‘ഗബ്ബർസിംഗ് ടാക്സ് വാപസ് ലോ....വാപസ് ലോ....”  ജിഎസ്ടി പിൻവലിക്കണമെന്നാണ്.....എത്ര ഉറക്കെ വിളിച്ചിട്ടും ചെയറിന് അനക്കമില്ല. ഉള്ള നാലു എംപിമാർ മാറി മാറി മുദ്രാവാക്യം വിളിച്ചു. ബില്ലിൻറെ ചർച്ച തുടർന്നു കൊണ്ടേയിരിക്കുന്നു. ബിജെപിയുടെ ജയന്ത് സിൻഹയെ ആണ് ഇന്ന് ബിജെപി ചർച്ചയ്ക്കിറക്കിയത്. പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹയുടെ മകനാണ് ജയന്ത്. തെരഞ്ഞെടുപ്പ് ഫലം വന്നതിൻറെ പിറ്റേന്ന് തന്നെ ജയന്തിനെ ചർച്ചയ്ക്ക് നിയോഗിച്ചത് വെറുതെയല്ല. പിന്നീട് ബിജു ജനതാദളിൻറെ ഭർതൃഹരി മഹ്താബും സംസാരിച്ചു.

Read more: ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? ഇന്ത്യന്‍ മഹായുദ്ധം
 
കുറെ നേരം മുദ്രാവാക്യം വിളിച്ചപ്പോൾ എംപിമാർ തളർന്നു. ആകെ നാലു പേർ ചേർന്ന് മുദ്രാവാക്യം വിളിക്കുന്നത് തുടരാനാവില്ലെന്ന് എംപിമാർ അധിർരഞ്ജൻ ചൗധരിയോട് പറഞ്ഞു. ഒടുവിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി പരിപാടി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ബില്ല് ചർച്ച ചെയ്യുന്നതിലെ നടപടിക്രമം ചോദ്യം ചെയ്ത് അധിർരഞ്ജൻ ചൗധരി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം ഉള്ള എംപിമാർ വാക്കൗട്ട് നടത്തി. പുറത്ത് മാധ്യമങ്ങളെ കണ്ടും പ്രതിഷേധവും അറിയിച്ചു.

 പിന്നീടാണ് ട്വിസ്റ്റ്. കുറെ കഴിഞ്ഞപ്പോൾ അധിർരഞ്ജൻ ചൗധരിയും മൂന്ന് കോൺഗ്രസ് എംപിമാരും തിരിച്ചു വന്നു. ഡീൻ കുര്യാക്കോസും ഹൈബി ഈ‍ഡനും ഇല്ല. രണ്ടു പേരും വിമാനത്താവളത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു... എന്നാൽ രാജ്മോഹൻ ഉണ്ണിത്താനുണ്ട്. നാലുപേരും കൂടി വന്ന് വീണ്ടും മുദ്രാവാക്യം തുടങ്ങി. വാക്കൗട്ട് നടത്തിയവർ തിരിച്ചുവന്ന് മുദ്രാവാക്യം മുഴക്കിയതിൻറെ കാരണം എന്തെന്ന് പ്രസ് ഗ്യാലറിയുണ്ടായിരുന്നവരും അതിശയിച്ചു. അൻറാർട്ടിക്ക് ബില്ല് പാസ്സാക്കി ഈ നാലു പേരുടെ ബഹളത്തിൻറെ പേരും പറഞ്ഞ് സഭ ഉടൻ പിരിഞ്ഞു.

Read more: ദേശീയ ചലചിത്ര പുരസ്കാരത്തിൽ വിവാദം; ജൂറിക്കെതിരെ നിതിൻ ലൂക്കോസ്, വിമർശിച്ച് റസൂൽ പൂക്കുട്ടിയും

പിന്നീടാണ് ഈ ട്വിസ്റ്റിനു പിന്നിലുള്ള കഥയറിഞ്ഞത്. വാക്കൗട്ട് നടത്തിയ കോൺഗ്രസ് എംപിമാരെ ചില ഭരണപക്ഷ അംഗങ്ങൾ തന്നെ തിരിച്ചു വിളിച്ചത്രെ. വെള്ളിയാഴ്ച നേരത്തെ സഭ അവസാനിപ്പിച്ച് പോകാൻ കാത്തിരിക്കുകയായിരുന്നു ഭരണപക്ഷവും. കോൺഗ്രസ് ഇറങ്ങിപ്പോയതോടെ പദ്ധതി പൊളിഞ്ഞു. ബഹളം ഇല്ലാത്തപ്പോൾ എന്തിൻറെ പേരിൽ സഭ പിരിയും? അതുകൊണ്ട് തിരിച്ചു വന്നാൽ സഭ ഇന്നത്തേക്ക് പിരിയാം എന്ന ‘വാഗ്ദാനം’  കോൺഗ്രസ് എംപിമാർക്ക് കിട്ടിയെന്നാണ് വിവരം. എന്തായാലും നാലുപേർ തിരിച്ചു വന്ന് മുദ്രാവാക്യം വിളിച്ചതിൻറെ പേരിൽ സഭ മൂന്നു മണികഴിഞ്ഞ് ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന് ചുളുവിൽ ബഹളത്തിൻറെ പേരിൽ സഭ പിരിഞ്ഞു എന്ന നേട്ടം....ഭരണപക്ഷത്തിന് നേരത്തെ വീട്ടിൽ പോകാം എന്ന സൗകര്യം.......ടിവിയിൽ കാണുന്നതിനപ്പുറം ഇങ്ങനെയും ചില പാർലമെൻറി രീതികളൊക്കെയുണ്ട്....

Follow Us:
Download App:
  • android
  • ios