മുന്‍ഗീറില്‍ ഒരു ആയുധ നിർമ്മാണശാല പ്രവർത്തിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് പൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന പരിശീലനം കിട്ടിയ തൊഴിലാളികൾ പലരും പിന്നീട് സ്വന്തമായി തോക്കുനിർമ്മാണം തുടങ്ങി.
പാറ്റ്‍ന: ഇന്ത്യയിലെ അനധികൃത തോക്ക് വിൽപ്പനയുടെ നിര്‍ണ്ണായക കേന്ദ്രമായി ബിഹാറിലെ മുന്‍ഗീര്‍. മാനസയുടെ കൊലപാതകിക്ക് തോക്ക് നല്‍കിയവരടക്കം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം കേസുകളിലെ പ്രധാന കണ്ണികൾ പലപ്പോഴും പടിയിലാകുന്നത് മുന്‍ഗീറില്‍ നിന്നാണ്. ബീഹാറിലെ ഈ പ്രദേശം രാജ്യത്തെ അനധികൃത ആയുധ ഇടപാടുകളുടെ കേന്ദ്രം ആയതെങ്ങനെയെന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
മുന്‍ഗീറില്‍ ഒരു ആയുധ നിർമ്മാണശാല പ്രവർത്തിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് പൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന പരിശീലനം കിട്ടിയ തൊഴിലാളികൾ പലരും പിന്നീട് സ്വന്തമായി തോക്കുനിർമ്മാണം തുടങ്ങി. നിലവിൽ ഇതൊരു കുടിൽ വ്യവസായമാണ് അവിടെ. പ്രദേശത്ത് നിരവധി റെയിഡുകൾ നടത്തുകയും പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അവിടെ നിന്നുള്ള തോക്കിന്റെ ഒഴുക്ക് കുറയുന്നില്ല. സ്ഥലത്ത് പരിശോധനകൾ തുടർച്ചയായി നടത്തണമെന്നും നീരജ് കുമാർ പറഞ്ഞു. മുൻഗീറിലെ വർദ, ദൗലത്പൂർ, ബൈസാർ എന്നീ ഗ്രാമങ്ങളാണ് തോക്ക് നിർമ്മാണത്തിന്റെ പ്രധാനകേന്ദ്രങ്ങൾ. നിലവിൽ 200 ലെറെ ചെറുകിട വ്യാജ തോക്കു നിർമ്മാണ കേന്ദ്രങ്ങൾ മുൻഗീറിൽ പ്രവർത്തിക്കുന്നു എന്നാണ് കണക്ക്.
ഇവിടെ നിർമ്മിച്ച തോക്കുകൾ മാവോയിസ്റ്റുകൾക്കും നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അധോലോക സംഘങ്ങൾ വിൽപ്പന നടത്തിയതിന്റെ കേസുകൾ വരെ നിലവിലുണ്ട്. പ്രാദേശിക സംഘങ്ങൾ വഴി രാജ്യതലസ്ഥാനത്തേക്കും മുൻഗീറിലെ തോക്കുകൾ എത്തി. അനധികൃത തോക്ക് നിർമ്മാണത്തിന് എതിരെ പോലീസ് കർശന നടപടികൾ തുടരുമ്പോഴും ആയുധ വിൽപ്പനയ്ക്ക് പൂർണ്ണമായി തടയിടാൻ കഴിയുന്നില്ല. പുതുതലമുറയെ പുതിയ തൊഴിൽ മേഖലകളിലേക്ക് വഴി തിരിച്ചുവിടാതെ ഈ ഭീഷണി പൂർണ്ണമായി അവസാനിക്കില്ലെന്ന് ബീഹാർ സ്വദേശികൂടിയായ നീരജ് കുമാർ പറഞ്ഞുവെക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
