Asianet News MalayalamAsianet News Malayalam

പരിഭ്രാന്തി പരത്തി യുവാവ്; 22 പേരെ കടിച്ചുപരിക്കേൽപ്പിച്ചു

ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ, ഇയാൾ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും മറ്റ് മൂന്ന് പൊലീസുകാരെയും കടിച്ച് പരിക്കേൽപ്പിച്ചു

Howrah: Mentally-challenged man bites 22, runs amok on GT Road
Author
GT Road, First Published Jul 28, 2019, 11:32 AM IST

ഹൗറ: ആറ് പൊലീസുകാരടക്കം 22 പേരെ കടിച്ചുപരിക്കേൽപ്പിച്ച യുവാവ് പരിഭ്രാന്തി പരത്തി. പശ്ചിമബംഗാളിലെ ഹൗറയിലെ തിരക്കേറിയ ജിടി റോഡിൽ ഇന്നലെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യം നേരിടുന്നതെന്ന് സംശയിക്കുന്ന, ബീഹാർ സ്വദേശിയായ യുവാവാണ് ഇന്നലെ പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത്.

ഏതാണ്ട് 40 മിനിറ്റോളം നടുറോഡിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ വളരെയേറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്.

ഉച്ചയോടെയാണ് സംഭവം. മേൽവസ്ത്രം ധരിക്കാതെ റോഡിലൂടെ നടന്ന ഇയാൾ പൊടുന്നനെ ആളുകളെ കടിക്കാൻ തുടങ്ങി. പിന്നീട് ബൈക്ക് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും നേരെ കല്ലെറിഞ്ഞു. നാട്ടുകാർ ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ കൂടുതൽ അക്രമകാരിയായി. പത്തോളം പേർക്ക് കൈക്കും കവിളിലും കടിയേറ്റ മുറിവിൽ നിന്ന് രക്തം വന്നു.

നാട്ടുകാർ ഇയാൾക്ക് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ റോഡിലെ ഗതാഗതം സ്തംഭിക്കുന്ന നിലയിലായി. ആൾക്കൂട്ടം ഇയാളെ കെട്ടിയിട്ടെങ്കിലും ഇതിൽ നിന്നും ഇയാൾ പുറത്തുകടന്നു. കൈവിലങ്ങ് അണിയിക്കാൻ ശ്രമിച്ച മൂന്ന് പൊലീസുകാരെ കടിച്ചായിരുന്നു ഇത്. പിന്നീട് ഹൗറ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ, ഇയാൾ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും മറ്റ് മൂന്ന് പൊലീസുകാരെയും കടിച്ച് പരിക്കേൽപ്പിച്ചു.

ലളിത് ചൗധരി എന്ന പേരിൽ ഒരു മരുന്ന് കുറിപ്പും കുറച്ച് മരുന്നുകളും ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. ഇതാണ് ഇയാൾ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണെന്ന സംശയം ബലപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios