സംസ്ഥാനത്തേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായി തിരിച്ചെത്താന്‍ തുടങ്ങിയതോടെ റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് പരിശോധന ബിഹാര്‍ സര്‍ക്കാര്‍ നിര്‍ബന്ധം ആക്കിയിരുന്നു. 

പാറ്റ്ന: കൊവിഡ് പരിശോധന നടത്തണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം പാലിക്കാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടി യാത്രക്കാര്‍. ബിഹാറിലെ ബുക്സറിലാണ് സംഭവം. സംസ്ഥാനത്തേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായി തിരിച്ചെത്താന്‍ തുടങ്ങിയതോടെ റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് പരിശോധന ബിഹാര്‍ സര്‍ക്കാര്‍ നിര്‍ബന്ധം ആക്കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കുട്ടികള്‍ അടക്കം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് അതിവേഗം പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ദില്ലി തുടങ്ങിയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെയാണ് അതിഥി തൊഴിലാളികള്‍ നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമെന്ന സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ തന്നെ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വന്നത്. അതേസമയം, രാജ്യത്ത് ഇന്നും രണ്ടുലക്ഷത്തിലധികം കൊവിഡ് കേസുകള്‍ ഇന്നും റിപ്പോര്‍ട്ട് ചെയ്തു. 2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീ​രി​ക​രി​ച്ചത്.

24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,79,740 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബിഹാറിലും ചത്തീസ്ഗഡിലും ഇന്ന് സർവ്വകക്ഷി യോഗം ചേരും. യുപിയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും, മെഡിക്കൽ സാമാഗ്രികളും വാങ്ങാൻ ടെൻഡർ ഒഴിവാക്കി. ദില്ലിയിലും ഗുജറാത്തിലും ഉന്നതതല യോഗം ചേരും. 

Scroll to load tweet…