Asianet News MalayalamAsianet News Malayalam

തനിക്ക് പാക് ബന്ധമില്ല; ചെന്നൈ കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശപ്രവര്‍ത്തക

പൗരത്വഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് നേതൃത്വം നൽകിയ ഗായത്രി ഖാൻദാദെയ് എന്ന ആക്ടിവിസ്റ്റ് പാക്  സംഘടനയുടെ പ്രവർത്തകയാണ് എന്നാണ് പൊലീസ് ആരോപിച്ചത്. 

human rights activist says legal action will be taken against chennai commissioner
Author
Chennai, First Published Jan 3, 2020, 4:55 PM IST

ചെന്നൈ: തനിക്കെതിരെ പാകിസ്ഥാന്‍ ബന്ധം ആരോപിച്ച ചെന്നൈ കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി പറഞ്ഞു. പാകിസ്ഥാന്‍ ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പൊലീസ് ചിലത് മാത്രം അടര്‍ത്തിയെടുത്ത് തെറ്റ് പ്രചരിപ്പിക്കുകയാണെന്നും ഗായത്രി ആരോപിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് ആരോപിച്ചത്. പാകിസ്ഥാനിലെ സംഘടനയ്ക്ക് വേണ്ടി പ്രതിഷേധക്കാരിൽ ഒരാൾ പ്രവർത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണർ എ കെ വിശ്വനാഥൻ പറഞ്ഞിരുന്നു. 

പാകിസ്ഥാനിലെ അസോസിയേഷൻ ഓഫ് സിറ്റിസൺ ജേർണലിസ്റ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പ്രതിഷേധക്കാർ അംഗങ്ങളാണ്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഗായത്രി ഖാൻദാദെയ് എന്ന ആക്ടിവിസ്റ്റ് 'ബൈറ്റ്സ് ഫോർ ഓൾ' എന്ന പാകിസ്ഥാൻ സംഘടനയുടെ പ്രവർത്തകയാണ്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തി. ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഗായത്രി പൊലീസ് നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞിരുന്നു, 

കോലം വരച്ച് പ്രതിഷേധിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്ത നടപടിയെ പൊലീസ് ന്യായീകരിച്ചിരുന്നു. വിദ്യാർത്ഥികൾ തുടങ്ങിയ പ്രതിഷേധം ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി പൊലീസ് രംഗത്തെത്തിയത്. .പ്രതിഷേധത്തിന് പിന്തുണ നൽകുന്ന ഡിഎംകെ പാകിസ്ഥാനെ പിന്തുണയ്ക്കുകയാണെന്ന  ആരോപണവുമായി ബിജെപി നേരത്തെ  രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios