Punjab election result 2022 : പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു...
ദില്ലി: പഞ്ചാബിൽ (Punjab) കോൺഗ്രസിന്റെ (Congress) ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു (Navjot Singh Siddu). തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പാണ് രാഹുലിന്‍റെ വാക്കുകൾ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്, ട്വീറ്റില്‍ പറയുന്നു. "ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല' - രാഹുലിന്‍റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പഞ്ചാബിൽ കോൺഗ്രസിന് തോൽവി, ഛന്നിക്കും രക്ഷിക്കാനായില്ല, ഇനി സിദ്ദുവിന്റെ ഭാവി ?
ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് പഞ്ചാബിൽ (Punjab) ഭരണപക്ഷമായ കോൺഗ്രസ് (Congress) ഏറ്റുവാങ്ങുന്നത്. ബിജെപിക്കും മുകളിൽ കുറഞ്ഞ വർഷങ്ങളുടെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ആംആദ്മി പാർട്ടി ജയിച്ച് കയറുകയും കോൺഗ്രസ് ഏറ്റവും പിന്നിലേക്ക് തഴയപ്പെടുകയും ചെയ്യുമ്പോൾ എല്ലാവശങ്ങളിൽ നിന്നും വിരൽ ചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്. അത് പഞ്ചാബിന്റെ അടിവേരിളക്കിയെന്ന് അണികളും നേതാക്കളും രഹസ്യമായും പരസ്യമായും മുറുമുറുക്കുന്ന നവ്ജോത് സിംഗ് സിദ്ദുവിലേക്ക് (Navjot Singh Sidhu) തന്നെയാണ്.
സിദ്ദുവിനെ അധ്യക്ഷനാക്കിയതിൽ പാർട്ടി ഖേദിക്കുമെന്ന് പറഞ്ഞാണ് അമരീന്ദർ സിംഗ് പടിയിറങ്ങിയത്. അമരീന്ദർ സിംഗിന്റെ വാക്കുകൾ വെറുതെയായില്ലെന്ന് വേണം വിലയിരുത്താൻ. ദേശീയ നേതൃത്വവുമായി അടുപ്പം പുലർത്തിയിരുന്ന അമരീന്ദർ സിംഗിനെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ സിദ്ദുവിന്റെ കസേര മോഹമായിരുന്നു.
എന്നാൽ മുഖ്യമന്ത്രി പദം സിദ്ദുവിന് നൽകാൻ നേതൃത്വം തയ്യാറായില്ല. പകരം സംസ്ഥാന നേതൃത്വം സിദ്ദുവിനെ ഏൽപ്പിച്ചു. ക്യാപ്റ്റനെ വെട്ടി സിദ്ദുവിനെ അവരോദിച്ചതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. നവ്‌ജോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർക്കിടയിൽ തന്നെ എതിർപ്പുകളുണ്ടായിരുന്നു. സംഘടനയിൽ പിടിപാടില്ലെന്നായിരുന്നു സിദ്ദുവിനെതിരെ ഉയന്ന പ്രധാന ആരോപണം. അകാലിദളിനും ബിജെപിക്കും പഞ്ചാബിൽ ഇടംകൊടുക്കാതെ വൻമതിലായി നിന്ന അമരീന്ദർ ഇതോടെ പാർട്ടി വിടുകയും പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയിൽ ചേരുകയും ചെയ്തതും കോൺഗ്രസിന് തിരിച്ചടിയായി.
അപ്പോഴും തുടർന്ന മുഖ്യമന്ത്രി പദത്തോടുള്ള സിദ്ദുവിന്റെ മോഹം വെട്ടിയ കോൺഗ്രസ് പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത്ത് സിങ് ഛന്നിയെ തെരഞ്ഞെടുത്തതോടെ സിദ്ദുവും ഛന്നിയും തമ്മിലുള്ള അസ്വാരസ്യങ്ങളും തുടങ്ങി. തുറന്ന പോരിലേക്ക് ഇരുവരും നീങ്ങുന്നതിനിടെയാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് ഛന്നിയെ കുറിച്ച് തുറന്നടിച്ച പിസിസി പ്രസിഡന്റിന് പക്ഷേ എതിർപ്പുകളെയെല്ലാം മാറ്റി നിർത്തി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കേണ്ടിയും വന്നു.
മത്സരിച്ച അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലും സിദ്ദു പരാജയം രുചിച്ച് കഴിച്ചു. കോൺഗ്രസ് നാളിതുവരെയുള്ളതിൽ ഏറ്റവും വലിയ തോൽവി വാങ്ങി തല കുനിച്ച് നിൽക്കുമ്പോൾ പിസിസി അധ്യക്ഷനായ സിദ്ദു ഈ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിനലെത്തിയ സിദ്ദുവിന്റെ രാഷ്ട്രീയ ഭാവിയും ചോദ്യഛിഹ്നമാകും.
