പട്‌ന: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വിശ്വാസം കൈവിടാതെ ഭക്തര്‍. ബിഹാറിലെ പട്‌നയില്‍ കൊറോണവൈറസിനെ തുരത്താന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഔഷധ യാഗം നടത്തി. കന്‍കര്‍ബാഗിനാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത യാഗം സംഘടിപ്പിച്ചത്. സ്ത്രീ സംഘടനയുടെ നേതൃത്വത്തിലാണ്  സാമൂഹിക് ഹാവന്‍ നടത്തിയത്. പുരോഹിതരും പങ്കെടുത്തു. പുരുഷന്മാരും യാഗത്തില്‍ പങ്കെടുത്തു.  

യാഗത്തിലൂടെ കൊറോണവൈറസിനെ തുരത്താമെന്ന് ഗായത്രി പരിവാര്‍ നവ് ചേതന വിസ്താര്‍ കേന്ദ്ര മഹിള മണ്ഡല്‍ ഭാരവാഹി സരിത പ്രസാദ് പറഞ്ഞു. ഔഷധ ഹോമത്തിലൂടെ കൊറോണയെ തുരത്താമെന്ന് അവര്‍ പറഞ്ഞു. 60 തരം ഒഷധമുപയോഗിച്ചാണ് ഹോമം നടത്തിയത്. മന്ത്രോച്ചാരണത്തിലൂടെയാണ് ഔഷധങ്ങള്‍ അഗ്നിയില്‍ ഹോമിച്ചത്. മുന്‍ മന്ത്രി മിതിലേഷ് സിംഗ്, ദേവി ദയാല്‍ പ്രസാദ് എന്നിവര്‍ യാഗത്തില്‍ പങ്കെടുത്തെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കൊവിഡിനെ തുരത്താന്‍ യാഗത്തിന് സാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. 

കൊവിഡ് 19നെ തുരത്താന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നേതാവ് അവകാശപ്പെട്ടിരുന്നു. രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും വിമാനത്താവളങ്ങളില്‍ ഗോമൂത്രം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കൊവിഡിനെതിരെ മുദ്രാവാക്യം വിളിച്ചത് സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു.