കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് ലക്ഷദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് സമരം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി 12 മണിക്കൂർ നിരാഹാരമിരിക്കുകയാണ് ദ്വീപുവാസികൾ. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ 9 യുഡിഎഫ് എംപിമാർ കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

ചരിത്രത്തിലാദ്യമായാണ് ലക്ഷദ്വീപിൽ സംഘടിത പ്രതിഷേധം നടക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ ഒരു നാടൊന്നാകെ അണിനിരന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരും നിരാഹാരത്തിൽ പങ്കെടുത്തു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മത്സ്യ ബന്ധന ബോട്ടുകൾ പണിമുടക്കി.  

വീടുകളിൽ പ്ലകാർഡുകളും ബനറുകളും ഉയർത്തി പ്രതിഷേധം. മതിവരാതെ കടലിൽ മുങ്ങിയും പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി വീടുകളിൽ പ്ലക്കാർഡുകൾ വിതരണം ചെയ്ത മൂന്ന് വിദ്യാർത്ഥികളെ ലക്ഷദ്വീപ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച ഇവർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു.

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും വിവിധ സംഘടന പ്രവർത്തകർ നിരാഹാരമിരുന്നു. സംഘടിത പ്രതിഷേധം നടക്കുന്നതിനാൽ ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. പുറത്ത് നിന്ന് ആളുകൾ വരുന്നതിന് തീരങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസും ഇന്ന് പ്രതിഷേധ ചൂടറിഞ്ഞു. കേരളത്തിലെ 9 യുഡിഎഫ് എംപിമാർ കുത്തിയിരിന്ന് പ്രതിഷേധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona