ഛത്തീസ്ഗഢിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്. മരണത്തിന് മുമ്പ് ഭാര്യയുടെ മാതാപിതാക്കളാണ് കാരണമെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് വിവാഹിതരായ ഇവർ ദീപാവലി ആഘോഷിക്കാൻ ഹിതേഷിന്റെ വീട്ടിലെത്തിയതായിരുന്നു.
റായ്പൂർ: ഛത്തീസ്ഗഢിലെ ധംതാരിയിൽ 20 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തി തൂങ്ങി മരിച്ച് 22 വയസുള്ള ഭർത്താവ്. ഹിതേഷ് യാദവ് എന്നയാളാണ് ഭാര്യയായ ലക്ഷ്മി യാദവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൊലക്ക് ശേഷം, ഭാര്യയുടെ മാതാപിതാക്കളാണ് ഈ ക്രൂരമായ നടപടിക്ക് കാരണമെന്ന് യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ദമ്പതികൾ ഉറങ്ങാനായി മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ, ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നുമില്ലാത്തതിനെത്തുടർന്ന് ഹിതേഷിന്റെ മൂത്ത സഹോദരൻ ഗിതേശ്വർ യാദവ് മുറിയുടെ വെന്റിലേഷൻ വഴി നോക്കിയപ്പോഴാണ് ക്ഷ്മി തറയിൽ അനങ്ങാതെ കിടക്കുന്നതും ഹിതേഷ് സീലിംഗിൽ തൂങ്ങിക്കിടക്കുന്നതും കണ്ടത്.
പിന്നീട് കുടുംബാംഗങ്ങൾ വാതിൽ ചവിട്ടി പൊളിച്ചു. വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി. ക്ഷ്മിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ഇതിന് ശേഷം ഹിതേഷ് സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാണാനാകുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുവാവ് മരണത്തിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഇങ്ങനെ പറയുന്നു..."ഹിമ്മത് യാദവ് എന്ന ഞാൻ എന്റെ ഭാര്യ ലക്ഷ്മി യാദവിനെ കൊന്നു. കാരണമൊന്നുമില്ല. പക്ഷേ അവളുടെ മാതാപിതാക്കൾ കാരണമാണ് ഞാൻ അത് ചെയ്തത്. ഞാൻ എന്റെയും ജീവിതം അവസാനിപ്പിക്കുന്നു".- എന്നാണ് കുറിച്ചിരുന്നത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർ ലക്ഷ്മിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ദീപാവലി ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് ദമ്പതികൾ ഹിതേഷ് യാദവിന്റെ സ്വന്തം വീട്ടിലേക്കെത്തിയതെന്നും പൊലീസ് പറഞ്ഞു.


