അഹമ്മദാബാദ്: ഭര്‍ത്താവ് രണ്ട് കാമുകിമാരോടൊപ്പമാണ് ജീവിക്കുന്നതെന്നും തന്നെ മുത്തലാഖ് ചൊല്ലിയെന്നും കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഗുജറാത്ത് ജുഹന്‍പുര സ്വദേശിയായ 28കാരിയാണ് പരാതിയുമായി വെജാല്‍പുര്‍ പൊലീസിനെ സമീപിച്ചത്. 10 വര്‍ഷം മുമ്പാണ് ലോണ്ടറി ഷോപ്പ് നടത്തുന്ന ഫത്തേവാഡി സ്വദേശിയായ യുവാവിനെ യുവതി വിവാഹം ചെയ്തത്. എന്നാല്‍, വിവാഹ ശേഷം നിസാര കാരണങ്ങള്‍ക്കുവരെ ഇയാള്‍ മര്‍ദ്ദനം തുടങ്ങി.

2016ല്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെങ്കിലും കുടുംബവും സമുദായ നേതാക്കളും ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍, പിന്നീടും മര്‍ദ്ദനം തുടരുകയും വീട്ടില്‍ നിന്ന് ഇടക്കിടെ കാണാതാകുകയും ചെയ്തു. എവിടെയാണെന്ന് ചോദിച്ചാല്‍ മര്‍ദ്ദിക്കും. ദില്ലിയിലെ അമ്മ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ രണ്ട് കാമുകിമാരെ കൂട്ടിയാണ് വന്നതെന്നും ഫത്തേവാഡിയില്‍ ഫ്‌ലാറ്റ് വാടകക്കെടുത്ത് അവിടെയാണ് താമസമെന്നും യുവതി പരാതിയില്‍ പറയുന്നു.

പരാതി പറഞ്ഞപ്പോള്‍ തന്നെ തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഒമ്പതും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.