അഹമ്മദാബാദ്: സ്ത്രീധന തർക്കത്തിനിടെ ഭാര്യയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഭർത്താവ്. അഹമ്മദാബാദിലെ കഗാഡാപിത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുപത്തി ഒമ്പതുകാരിയായ ഭാര്യയുടെ പരാതിയിന്മേൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ എട്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസത്തിന് ശേഷം ഇരുവരുടേയും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ തുടങ്ങി. പത്ത് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായെന്നും യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നു. 

പീഡനം തുടർന്നതോടെ സഹിക്കെട്ട യുവതി പതിനഞ്ച് ദിവസം മുമ്പ് വീടുവിട്ടിറങ്ങി. ഇതിന് പിന്നാലെയാണ് ഭർത്താവ് ഇവരുടെ ന​ഗ്ന ചിത്രങ്ങൾ വാട്സാപ്പ് ​ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തന്റെ പേരിലുള്ള ഫോൺ നമ്പറിൽ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭർത്താവ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിച്ചു.

ഏതാനും മാസങ്ങൾക്ക് മുമ്പ് സ്വന്തം ന​ഗ്ന ചിത്രങ്ങൾ കുടുംബാം​ഗങ്ങൾ ഉൾപ്പെട്ട ​ഗ്രൂപ്പിൽ ഇയാൾ പങ്കുവച്ചിരുന്നുവെന്നും ഇത്  പിന്നീട് കേസായെന്നും പൊലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് ഭര്യയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.