ഹൈദരാബാദ്: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈനിലൂടെ വിവാഹം നടത്തി വരനും വധുവും. തെലങ്കാനയിലെ കൊതാഗുഡത്താണ് വിവാഹ നടപടികൾ ഓണ്‍ലൈനിലൂടെ പൂർത്തീകരിച്ചത്. സൗദിയിലായിരുന്നു വരൻ മുഹമ്മദ് അദ്നാൻ ഖാൻ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നാട്ടിൽ വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും വിവാഹത്തിന് എത്താൻ കഴിയാതെ ഖാൻ സൗദിയിൽ കുടുങ്ങി. ഇതോടെ ഓൺലൈൻ വഴി വിവാഹ നടപടികൾ പൂർത്തിയാക്കാൻ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചുവർഷമായി സൗദിയിലാണ് മുഹമ്മദ് അദ്നൻ ഖാൻ ജോലിയെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നിക്കാഹിനായി നാട്ടിലെത്താനായിരുന്നു വരനും മാതാപിതാക്കളും നിശ്ചയിച്ചിരുന്നത്. എന്നാൽ സൗദിയിൽ 
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ അവർക്ക് നാട്ടിലെത്താൻ കഴിഞ്ഞില്ല. തുടർന്ന്, കല്യാണ ചെറുക്കന്റെയും പെണ്ണിന്റെയും മാതാപിതാക്കൾ കൂടിയാലോചിച്ച് നിശ്ചയിച്ച ദിവസം തന്നെ ഓണ്‍ലൈനിലൂടെ വിവാഹം നടത്താൻ തീരുമാനമെടുത്തു.