ഹൈദരാബാദ്: ഹൈദരാബാദ് ഐഐടിയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പിച്ചികല സിദ്ധാര്‍ത്ഥ്(20) ആണ് ക്യാംപസ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച വെളുപ്പിന് 2.26നാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ സുഹൃത്തിന് ആത്മഹത്യകുറിപ്പ് ഇ മെയില്‍ ചെയ്ത ശേഷമായിരുന്നു സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തത്. ഡിപ്രഷനാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. കുറച്ച് നാളുകളായി ഇതേ മാനസികാവസ്ഥയിലാണ്. പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല, എനിക്കിതില്‍ നിന്ന് രക്ഷപെടണം- സിദ്ധാര്‍ത്ഥ് സുഹൃത്തിനയച്ച ഇ- മെയിലില്‍ പറയുന്നു.

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ സിദ്ധാര്‍ത്ഥിനെ ഉടനെ തൊട്ടടുത്തുള്ള ബാലാജി ആശുപത്രിയിലും പിന്നീട് കോണ്ടിനെന്‍റല്‍ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ് ഹൈദരാബാദ് ഐഐടിയില്‍ നടക്കുന്നത്.