ഹൈദരബാദ്: രാജ്യവ്യാപകമായി കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ 75 പേര്‍ക്ക് വാടകയിളവ് നല്‍കി നാല്‍പ്പത്തിയൊന്നുകാരന്‍. മൂന്നുകെട്ടിടങ്ങളിലായുള്ള 75 വാടക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ വാടക ഇളവ് നല്‍കിയിരിക്കുകയാണ് കൊടുരി രാമലിങ്കം എന്ന ഹൈദരബാദുകാരന്‍. വാടകയിളവിന് പുറമേ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമുള്ള 250 വീട്ടുകാര്‍ക്കായി രണ്ടരലക്ഷം രൂപയാണ് രാമലിങ്കം സഹായം നല്‍കിയിരിക്കുന്നത്. 

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ട് പട്ടിണി എന്താണെന്ന് തനിക്ക് അറിയാം. ഈ വീടുകളില്‍ ഉള്ളവര്‍ ഈ കഷ്ടപ്പാടുള്ള സമയത്ത് വാടക തരാന്‍ കൂടി ഞെരുങ്ങേണ്ടി വരുന്നത് ശരിയല്ലെന്ന് രാമലിങ്കം മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ കെട്ടിടത്തിലെ താമസക്കാരില്‍ ഏറിയ പങ്കും ദിവസവേതനക്കാരാണ്. ഹൈദരബാദിലെ വ്യവസായ മേഖലകളില്‍ ജോലി നോക്കുന്നവരാണ് ഇവരിലധികം. പലരും ലോക്ക് ഡൌണ്‍ തുടങ്ങിയതോടെ വരുമാനമില്ലാതായ ദിവസ വേതനക്കാര്‍ കൂടിയാണ്. 3.4 ലക്ഷം രൂപയാണ് വാടകയിനത്തില്‍ രാമലിങ്കം വേണ്ടെന്ന വച്ചിരിക്കുന്നത്. 

ലോക്ക് ഡൌണ്‍ തുടരുകയും അവര്‍ക്ക് തൊഴില്‍ ഇല്ലാതിരിക്കുന്ന നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അടുത്ത മാസത്തെ വാടകയും വേണ്ടെന്ന് വക്കാനാണ് തീരുമാനമെന്നും രാമലിങ്കം വ്യക്തമാക്കി. തലെങ്കാനയിലെ രാജപേട്ട സ്വദേശിയാണ് രാജലിങ്കം. 2005ലാണ് രാമലിങ്കം ഹൈദരബാദിലെ ബാലാനഗറില്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചത്. പത്തോളം തൊഴിലാളികളാണ് രാമലിങ്കത്തിന്‍റെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നത്.