എൽബി നഗറിലെ കാമിനേനി ഹോസ്പിറ്റലില്‍ നിന്ന് ലക്ഡി-ക-പുലിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലേക്കാണ് ദാതാവിൻ്റെ ഹൃദയം വേഗത്തിലും ഒരു തടസവുമില്ലാതെയും എത്തിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ ഹൃദയ ശസ്ത്രക്രിയയ്ക്കായി 13 മിനിറ്റില്‍ 13 കിലോമീറ്റര്‍ ഓടിയെത്തി. ഗ്രീന്‍ കോറിഡോറിലൂടെയാണ് യാത്ര സുഗമമാക്കിയത്. ജനുവരി 17 ന് രാത്രി 9:30 നാണ് സംഭവം. എൽബി നഗറിലെ കാമിനേനി ഹോസ്പിറ്റലില്‍ നിന്ന് ലക്ഡി-ക-പുലിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലേക്കാണ് ദാതാവിൻ്റെ ഹൃദയം വേഗത്തിലും ഒരു തടസവുമില്ലാതെയും എത്തിച്ചത്. 13 സ്റ്റേഷനുകള്‍ താണ്ടിയാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.
എന്താണ് ഗ്രീൻ കോറിഡോർ?
അവയവ മാറ്റ ശസ്ത്രക്രിയാ സമയത്ത്, അവയവം ശേഖരിക്കുന്ന ആശുപത്രിയുടെയും അത് മാറ്റിവെക്കുന്ന ആശുപത്രിയുടെയും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്ന പ്രത്യേക പാതയാണ് ‘ഗ്രീൻ കോറിഡോർ’. 2014 മുതലാണ് ഇന്ത്യയില്‍ ഗ്രീൻ കോറിഡോർ എന്ന ആശയം ഉണ്ടായത്. മാനുവല്‍ ആയി പ്രവര്‍ത്തിപ്പിക്കുന്ന ഒരു റൂട്ടാണിത്.
ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർമാർ, ലോക്കൽ പോലീസ്, ട്രാഫിക് പോലീസ്, എയർപോർട്ട് സ്റ്റാഫ് എന്നിവർ ചേർന്നാണ് ഗ്രീന്‍ കോറിഡോര്‍ റൂട്ട് ഒരുക്കുന്നത്. അവയവങ്ങള്‍ ശേഖരിക്കുന്ന സ്ഥലത്ത് നിന്നും ലക്ഷ്യസ്ഥാനത്തേക്ക് വേഗത്തിലും കാര്യക്ഷമമായും കൈമാറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്നത് ഇവരാണ്.
അതേ സമയം ഹൈദരാബാദ് മെട്രോ ശൃംഖല നവീകരിക്കാൻ തെലങ്കാന സർക്കാർ തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. മൂന്ന് മെട്രോ റെയിൽ ശൃംഖലകൾക്ക് അനുമതി നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂച്ചർ സിറ്റി, ഷമീർപേട്ട്, മെഡ്ചൽ തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആർ) ഈ വർഷം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനും രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിപിആറിന് കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാല്‍ ഏപ്രിൽ അവസാനത്തോടെ ടെൻഡർ വിളിക്കാൻ മുഖ്യമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. മെട്രോ വികസനം, റേഡിയൽ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾ എന്നിവയുടെ പുരോഗതി അവലോകനം ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇടിച്ചാൽ വാഹനത്തിനും യാത്രക്കാരനും പരിക്ക് കുറയും, അപകടവളവുകൾ സുരക്ഷിതമാക്കാൻ റോളർ ക്രാഷ് ബാരിയർ
