ഹൈദരാബാദിലെ നിംസ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട്. നോരി ലക്ഷ്മി ഭാസ്കറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ആന്‍റി കറപ്ഷൻ ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി

ഹൈദരാബാദ്: ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (NIMS)അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും അഡീഷണൽ പ്രൊഫസറുമായ ഡോ. നോരി ലക്ഷ്മി ഭാസ്കറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ആന്‍റി കറപ്ഷൻ ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി. ഡോക്ടറുടെ ബിനാമികളെന്നും കൂട്ടാളികളെന്നും സംശയിക്കുന്നവരുമായി ബന്ധപ്പെട്ട അഞ്ചോളം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കൂടുതൽ വസ്തുവകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കണ്ടെത്തി. പുതിയതായി കണ്ടെത്തിയ സ്വത്തുക്കളുടെ വിവരങ്ങൾ കൂടി പുറത്തുവന്നതോടെ, ഡോക്ടറുമായി ബന്ധപ്പെട്ട ആകെ സ്വത്തുക്കളുടെ വിപണി മൂല്യം 200 കോടി രൂപയിലധികം വരും. ഡോക്ടറുമായി ബന്ധപ്പെട്ട് ധൻരാജ് എന്നയാളുടെ വീട്ടിൽ നിന്ന് 4.94 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാൾക്ക് ഡോക്ടറുമായുള്ള സാമ്പത്തിക ബന്ധവും ഈ പണത്തിന്‍റെ ഉറവിടവും അന്വേഷിച്ചു വരികയാണ്.

ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് എം.എൽ.എ കോളനിയിൽ ഏകദേശം 2.7 കോടി രൂപ മൂല്യം വരുന്ന ഓപ്പൺ പ്ലോട്ടിന്റെ രേഖകൾ കണ്ടെത്തി. ഡി. ഗണേഷ് എന്ന ജീവനക്കാരന്റെ പേരിലാണ് ഈ വസ്തുവകകൾ ഉള്ളത്. മഹേശ്വരത്ത് ഏകദേശം 57 ലക്ഷം രൂപ വിപണി മൂല്യമുള്ള മൂന്ന് കൃഷിഭൂമികളുടെ പ്രമാണങ്ങളും 3 ലക്ഷം രൂപയുടെ കടമിടപാട് രസീതുകളും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ 21-നാണ് ഡോ. ലക്ഷ്മി ഭാസ്കറിനെതിരെ എ.സി.ബി കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് സെപ്റ്റംബർ 22-ന് നടത്തിയ പരിശോധനയിൽ സ്വത്ത് വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ 41 ലക്ഷം രൂപ, പോസ്റ്റ് ഓഫീസ് നിക്ഷേപമായി 12 ലക്ഷം രൂപ, മ്യൂച്വൽ ഫണ്ടുകളിൽ 29.55 ലക്ഷം രൂപ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ 35 ലക്ഷം രൂപ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുമുണ്ട്.