ബെംഗളൂരുവിൽ റാപിഡോ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ചികിത്സാ സഹായം നൽകുന്നതിൽ നിന്ന് കമ്പനി പിന്മാറുന്നതായി ആരോപണം. 20 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് ചെലവായപ്പോൾ, ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് അല്ലാതെ മറ്റ് സഹായങ്ങൾ നൽകാൻ റാപ്പിഡോ തയ്യാറാകുന്നില്ലെന്നും വാഗ്ദാനങ്ങളിൽ നിന്ന് കാലുമാറിയെന്നും യുവതി പറയുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ റാപിഡോ ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഇൻഷൂറൻസിനപ്പുറം ഒന്നും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്ന് ആരോപണം. റാപ്പിഡോ അധികൃതര്‍ വിളിച്ചിരുന്നു. വാക്കാൽ എല്ലാ സഹയാങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ അത് ഈ മെയിലിൽ ആവശ്യപ്പെട്ടപ്പോൾ കമ്പനി കാലുമാറിയെന്നും ചികിത്സയിലിരിക്കുന്ന സാനി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തനിക്ക് ചികിത്സയുടെ ഭാഗമായി ഇതിനകം തന്നെ 20 ലക്ഷത്തിലധികം രൂപ ചെലവായി. എന്നാൽ കമ്പനി ഔദ്യോഗികമായി അറിയിക്കുന്നത് ഒരു ലക്ഷം രൂപയുടെ ഇൻഷൂറൻസ് ക്ലെയിം നൽകാനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ സഹായിക്കാം എന്നാണ്. എന്നാൽ നേരിട്ട് ഞങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കുള്ള എല്ലാ സഹായങ്ങളും നൽകാമെന്ന് പറയുകയും, അത് മെയിലിൽ ആവശ്യപ്പെട്ടപ്പോൾ കാലുമാറുകയുമാണ് കമ്പനി ചെയ്യുന്നതെന്നും സാനി പറയുന്നു.
സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് സാനിയുടെ സുഹൃത്തും നിയമ സഹായിയുമായ അച്യുത് മഹാജൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. കമ്പനി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്തില്ല. യുവതിയെ ആശുപത്രിയിൽ സന്ദര്‍ശിക്കാൻ പോലും അധികൃതര്‍ തയ്യാറായില്ല. പലവട്ടം മെയിൽ അയച്ചപ്പോഴാണ് കമ്പനി പ്രതികരിച്ചത്. റാപ്പിഡോ ബൈക്ക് യാത്രയിലുണ്ടായ നഷ്ടങ്ങൾക്ക് കമ്പനി ഉത്തരവാദിയാണ്. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയുടെ ഇൻഷൂറൻസ് അല്ലാതെ മറ്റൊരു കാര്യവും റാപ്പിഡോ ഔദ്യോഗികമായി ഉറപ്പുനൽകിയിട്ടില്ല. അതുകൊണ്ടുതന്നെ, നിയമപരമായി നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. അതുപോലെ സാനിയുടെ ചികിത്സയ്ക്കുള്ള സഹായം കമ്പനി നൽകിയെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നതിനാണോ കമ്പനി മുൻതൂക്കം നൽകുന്നത് എന്ന് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും അച്യുത് മഹാജൻ പറഞ്ഞു.
ജൂൺ 17-ന് രാവിലെ ഡോംലൂരിലെ ഓഫീസിലേക്ക് പോകുന്നതിനായി റാപ്പിഡോ സ്കൂട്ടർ ബുക്ക് ചെയ്ത് യാത്ര ചെയ്യവെ, ബൈരസന്ദ്രയിലെ വസതിയിൽ നിന്ന് 300 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. എഫ്‌ഐആർ പ്രകാരം സ്കൂട്ടർ ഓടിച്ചിരുന്ന ആശിഷ് ബാഗ് അമിതവേഗതയിലും അശ്രദ്ധമായും വണ്ടി ഓടിച്ച് ട്രാക്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ നിന്ന് താഴെ വീണ സാനി കൃഷ്ണയുടെ മുഖത്തും ശരീരത്തിലും ട്രാക്ടറിന്റെ വലത് ചക്രം കയറിയിറങ്ങി. മുഖത്തിനും വാരിയെല്ലുകൾക്കും പ്ലീഹയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സാച്ചെലവ് ഉയർന്നതോടെ മാതാപിതാക്കൾ ഇവരെ ജന്മനാടായ കേരളത്തിലെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലായിരുന്ന സമയത്ത് റാപ്പിഡോ സപ്പോർട്ട് ടീം തങ്ങളുടെ ചാറ്റ് വിൻഡോ ക്ലോസ് ചെയ്തതായും മെസ്സേജുകൾ അവഗണിച്ചതായും സാനി കൃഷ്ണയുടെ സുഹൃത്തായ അച്യുത് മഹാജൻ എക്സിൽ കുറിച്ചു. തുടർന്ന് ജൂൺ 26-ന് റാപ്പിഡോ പ്രതിനിധികൾ അച്യുത് മഹാജനെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും, തങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗിന്മേൽ കമ്പനിക്ക് നിയന്ത്രണമില്ലെന്നും അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് വ്യക്തമാക്കിയത്. ഇതോടെ ഇവർ പിഎംഒ, സിഎംഒ എന്നിവരെ ബന്ധപ്പെട്ടു. പിന്നീട് സാനി കൃഷ്ണ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചു. കമ്പനിയുടെ 'വിമൻ സേഫ്റ്റി' ഫീച്ചർ വിശ്വസിച്ചാണ് യാത്ര ചെയ്തതെന്നും എന്നാൽ ഡ്രൈവറുടെ അശ്രദ്ധ കാരണം ഐസിയുവിൽ ജീവനായി പോരാടേണ്ടി വന്നെന്നും അവർ പറഞ്ഞു. ഇൻഷുറൻസ് പോളിസി പ്രകാരമുള്ള 1 ലക്ഷം രൂപയുടെ മൂന്നാം കക്ഷി ഇൻഷുറൻസ് ക്യാപ് അടിച്ചേൽപ്പിക്കാൻ ഒരു ടെംപ്ലേറ്റ് ഇമെയിൽ അയക്കുക മാത്രമാണ് റാപ്പിഡോ ചെയ്തതെന്നും, തന്റെ ഐസിയു ബിൽ തുക20 ലക്ഷത്തിലധികമാണെന്നും സാനി കൃഷ്ണ വ്യക്തമാക്കി.


