ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് ദിശയുടെ കുടുംബം. മകള്‍ മരിച്ചിട്ട് പത്ത് ദിവസമാകുന്നു. പ്രതികളുടെ മരണത്തോടെ മകളുടെ ആത്മാവിന് ശാന്തിക്കിട്ടിയെന്ന് ദിശയുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാരിനും പൊലീസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ദിശയുടെ അച്ഛന്‍ പ്രതികരിച്ചു

കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

Also Read: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊന്നു