ദില്ലി: പ്രളയദുരിത ബാധിതരോട് രൂക്ഷമായി പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യോദിയൂരപ്പ. പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് തന്‍റെ കൈയില്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്നായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി. സഹായം ചോദിച്ച ശിവമോഗയിലെ ജനങ്ങളോടാണ് യെദിയൂരപ്പയുടെ പ്രതികരണം. യെദിയൂരപ്പയുടെ മറുപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി.

ദുരിത ബാധിതരെ സഹായിക്കാന്‍ പണമില്ലെന്ന് പറയുന്ന യെദിയൂപ്പക്ക് ആര്‍ത്തിമൂത്ത എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാന്‍ അക്ഷയപാത്രമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ യെദിയൂരപ്പക്ക് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കാനും വിമാനത്തില്‍ യാത്ര ചെയ്യിക്കാനും പണമുണ്ചെന്ന് ജെഡിഎസ് നേതാക്കള്‍ ആരോപിച്ചു. പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ തയ്യാറായിട്ടില്ല.

സഹായമായി 5000 കോടി രൂപ നല്‍കിയിട്ടില്ല. ഒന്നും ചെയ്യാതെ പരസ്യത്തിന് മാത്രമായിട്ടാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ദുരിതബാധിതരെ അവഹേളിക്കുന്ന നടപടിയാണിത്. കെഎസ് ഈശ്വരപ്പയുടെ വീട്ടില്‍ നോട്ടടിക്കുന്ന യന്ത്രമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.