'ഐ ലവ് മുഹമ്മദ്' ക്യാമ്പയിൻ അക്രമാസക്തമായി, ലാത്തിവീശി പൊലീസ്. ജനക്കൂട്ടം ഐ ലവ് മുഹമ്മദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി ചാർജ് നടത്തി.
ദില്ലി: ഉത്തർപ്രദേശ് ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിന്‍ അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി. അല ഹസ്രത്ത് ദർഗ, ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാന്റെ വീടിന് പുറത്ത് ഐ ലവ് മുഹമ്മദ് എന്ന പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ ഒത്തുകൂടി. ഇരു സ്ഥലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസുകാർ ഫ്ലാഗ് മാർച്ച് നടത്തുന്നതിനിടെ ചില അക്രമികൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലിറങ്ങിയതായി ഐജി അജയ് സാഹ്നി പറഞ്ഞു. ജനക്കൂട്ടം ഐ ലവ് മുഹമ്മദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി ചാർജ് നടത്തി.
‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദത്തിൽ വെള്ളിയാഴ്ച ഇസ്ലാമിയ ഗ്രൗണ്ടിൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ച മതപ്രഭാഷകൻ മൗലാന തൗഖീർ റാസയുടെ പ്രതിഷേധ ആഹ്വാനത്തിന് മുന്നോടിയായാണ് വ്യാഴാഴ്ച ബറേലിയിലെ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിയത്. ജില്ലാ മജിസ്ട്രേറ്റ് അവിനാശ് സിങ്ങും സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യയും മാർച്ചിന് നേതൃത്വം നൽകി. പൊലീസും, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയും (പിഎസി), അർദ്ധസൈനിക വിഭാഗങ്ങളും മാർച്ചിൽ പങ്കെടുത്തു. സമാധാനം തകർക്കാനുള്ള ഏതൊരു ശ്രമവും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകുക എന്നതാണ് മാർച്ചിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
നേരത്തെ, പത്രസമ്മേളനത്തിൽ, ഷാജഹാൻപൂർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാചകനെതിരെ അപമാനകരമായ പരാമർശങ്ങൾ നടന്നതായി തൗഖീർ റാസ ചൂണ്ടിക്കാട്ടി. കാൺപൂരിൽ ബരാവാഫത്ത് ഘോഷയാത്രയ്ക്കിടെ ആരംഭിച്ച "ഐ ലവ് മുഹമ്മദ്" പോസ്റ്ററുകളെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച പ്രതിഷേധ ആഹ്വാനം വന്നത്. ബറേലി ഉൾപ്പെടെ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിലേക്കും ഉത്തരാഖണ്ഡിലേക്കും കർണാടകയിലേക്കും സംഘർഷം വ്യാപിച്ചു, പ്രതിഷേധങ്ങൾക്കും പോസ്റ്റർ നീക്കം ചെയ്യലിനും പൊലീസ് നടപടികൾക്കും കാരണമായി. എന്ത് വില കൊടുത്തും പ്രതിഷേധം തുടരുമെന്ന് റാസ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 4ന് കാൺപൂരിലെ റാവത്പൂർ പ്രദേശത്ത് മുസ്‌ലിം സംഘടനാ പരമ്പരാഗത നബിദിന ഘോഷയാത്രയ്ക്കിടെ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനർ പ്രദർശിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,324 പേരെ പ്രതികളാക്കുകയും ചെയ്തു. 38 പേർ അറസ്റ്റിലായിട്ടുണ്ട്.


