ഐ ലവ് മുഹമ്മദ് വിവാദം, സ്ഥലം സന്ദർശിക്കാനിരുന്ന കോൺഗ്രസ് എംപിയെ വീട്ടുതടങ്കലിലാക്കി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ബറേലിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം.
ദില്ലി: ഐ ലവ് മുഹമ്മദ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ് എംപി ഇമ്രാൻ മസൂദിനെ ബുധനാഴ്ച വീട്ടുതടങ്കലിലാക്കി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന ബറേലിയിലേക്ക് പാർട്ടി പ്രതിനിധി സംഘത്തെ നയിക്കാൻ തയ്യാറെടുക്കാനിരിക്കെയായിരുന്നു തടങ്കൽ. ബറേലിയിൽ 'ഐ ലവ് മുഹമ്മദ്' മാർച്ചിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്കെതിരെ ലാത്തിവീശിയിരുന്നു. വെള്ളിയാഴ്ചത്തെ അക്രമത്തെത്തുടർന്ന് ബറേലി ഡിഐജിയെ കാണാനും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെ നയിക്കേണ്ടത് മസൂദായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീട്ടുതടങ്കലിലാക്കിയതെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ബറേലിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം. പുരോഹിതൻ മൗലാന തൗഖീർ റാസ ഖാന്റെ ആഹ്വാനപ്രകാരം, ഇസ്ലാമിയ ഗ്രൗണ്ടിന് സമീപം ആയിരത്തിലധികം ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. "ഐ ലവ് മുഹമ്മദ്" എന്ന സന്ദേശം എഴുതിയ ബറാവാഫത്ത് പോസ്റ്ററിനെതിരെ കാൺപൂരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. പോലീസ് പറയുന്നതനുസരിച്ച്, ജനക്കൂട്ടത്തിലെ ഒരു വിഭാഗം കല്ലെറിയാനും വാഹനങ്ങൾ നശിപ്പിക്കാനും തുടങ്ങിയപ്പോൾ പ്രതിഷേധം അക്രമാസക്തമായി.
പോലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ കുറഞ്ഞത് 10 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൗലാന തൗഖീർ റാസ ഖാൻ ഉൾപ്പെടെ 50 ഓളം പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു. നിരവധി പോലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമത്തെ അപലപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നടപടിയെടുക്കാൻ ഉത്തരവിട്ടു. അതേസമയം, ബറേലിയിലും സംസ്ഥാനത്തെ മറ്റ് സെൻസിറ്റീവ് ഭാഗങ്ങളിലും സുരക്ഷ കർശനമായി തുടരുന്നു.


