Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വ്യോമസേനയുടെ മിസൈല്‍ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പൈലറ്റുമാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്കാരം

ഫെബ്രുവരി 27ന് ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണ എംഐ 17 ഹെലികോപ്റ്ററിലെ പൈലറ്റുമാരായിരുന്ന സ്ക്വാഡ്രണ്‍ ലീഡര്‍മാരായ നിനദ് അനില്‍ മാന്‍ദവ്ഗ്നേ, സിദാര്‍ത്ഥ് വഷിഷ്ട് എന്നിവര്‍ക്കാണ് വായുസേനയുടെ ധീരതയ്ക്കുള്ള പുരസ്കാരം റിപബ്ലിക് ദിനത്തില്‍ നല്‍കിയത്. 

IAF pilots killed in friendly fire conferred gallantry award
Author
New Delhi, First Published Jan 26, 2020, 6:54 PM IST

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ സ്വന്തം മിസൈല്‍ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ച  പൈലറ്റുമാര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ്. ഫെബ്രുവരി 27ന് ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണ എംഐ 17 ഹെലികോപ്റ്ററിലെ പൈലറ്റുമാരായിരുന്ന സ്ക്വാഡ്രണ്‍ ലീഡര്‍മാരായ നിനദ് അനില്‍ മാന്‍ദവ്ഗ്നേ, സിദാര്‍ത്ഥ് വഷിഷ്ട് എന്നിവര്‍ക്കാണ് വായുസേനയുടെ ധീരതയ്ക്കുള്ള പുരസ്കാരം റിപബ്ലിക് ദിനത്തില്‍ നല്‍കിയത്. 

ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു 2019 ഫെബ്രുവരി 27ന് എംഐ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ്ങിനെ നീക്കിയിരുന്നു.  മിസൈല്‍ തൊടുത്തതിലെ അപാകതയാണ് വ്യോമസേനയുടെ എംഐ-17 കോപ്ടര്‍ തകര്‍ന്ന് സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഫെബ്രുവരി 27ന് ശ്രീനഗര്‍ എയര്‍ബേസില്‍നിന്ന് വിക്ഷേപിച്ച ഇസ്രയേല്‍ നിര്‍മിത മിസൈല്‍ സ്പൈഡര്‍ ആക്രമണത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് വ്യോമസേനയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിക്ഷേപിച്ച് വെറും 12 സെക്കന്‍റിനുള്ളിലാണ് മിസൈല്‍ യുദ്ധവിമാനം തകര്‍ത്തത്. മിസൈല്‍ തൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയുമില്ലായിരുന്നുവെന്ന് എയര്‍ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മിസൈലിന്‍റെ ആക്രമണ പരിധിക്കുള്ളിലാണ് യുദ്ധവിമാനമെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 

ഫെബ്രുവരി 27ന് രാവിലെ 10നും 10.30നും ഇടയില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ചെറുക്കുന്നതിനായി ഇന്ത്യന്‍വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങളാണ് സജ്ജമാക്കിയത്. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ വേണ്ടിയാണ് 'സ്പൈഡര്‍' മിസൈല്‍ തൊടുത്തത്. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയെ ലക്ഷ്യമാക്കിയ സമയം തന്നെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറും താഴ്ന്ന് പറന്നത്. 

തുടര്‍ന്ന് പാക് യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ച് മിസൈല്‍ തൊടുക്കുകയായിരുന്നു. സ്വന്തം വിമാനമാണെന്ന് വ്യക്തമാക്കുന്ന അടയാളം വിമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും മിസൈല്‍ തൊടുക്കുന്നതിന് വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരോപണമുണ്ടായിരുന്നു. പുല്‍വാമ  ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ സൈനിക നടപടികള്‍ ശക്തമായ സമയത്തായിരുന്നു സ്വന്തം മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്ക് കനത്ത നഷ്ടം സംഭവിച്ചത്. 

Follow Us:
Download App:
  • android
  • ios