Maneka Gandhi  കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മലയോര കര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന കൃഷിനാശമടക്കമുള്ള ദുരിതങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മലയോര കര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന കൃഷിനാശമടക്കമുള്ള ദുരിതങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. കാട്ടു പന്നികളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനത്തെ ബിജെപി എംപിയും , മൃഗസ്നേഹിയുമായ മേനക ഗാന്ധി ചോദ്യം ചെയ്തിരിക്കുന്നു. നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മേനക ഗാന്ധി (Maneka Gandhi ) സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരിക്കുകയാണ്. ദില്ലി അശോക റോഡിലെ വസതിയില്‍ വച്ച് മേനക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു. 

? എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത്?

കേരളം ഇന്ത്യയുടെ ഭാഗമല്ലേ? നിങ്ങള്‍ നോക്കിക്കൊള്ളൂ ഈ തീരുമാനം കേരളത്തിന് തിരിച്ചടിയാകും. അതുകൊണ്ടാണ് ഞാന്‍ എതിര്‍ക്കുന്നത്

? കേരളത്തെ ഏത് രീതിയില്‍ ബാധിക്കുമെന്നാണ് കരുതുന്നത്?

നോക്കൂ. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കുന്നത്. എത്ര കാട്ടുപന്നികള്‍ കാടുകളിലുണ്ടെന്നത് സംബന്ധിച്ച് എന്തെങ്കിലും കണക്ക് സര്‍ക്കാരിന്‍റെ കൈയിലുണ്ടോ? ഏത് മേഖലയിലാണ് അവ കൂടുതലുള്ളതെന്ന് അറിയാമോ? കാടുകളില്‍ നിന്ന് എന്തിന് അവ പുറത്ത് വരുന്നു എന്നതിന്‍റെ ഉത്തരമെന്താണ്? ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം അവയെ വനങ്ങളില്‍ നിലനിര്‍ത്തുകയെന്നത് തന്നെയാണ്.

? സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നത് കാട്ടുപന്നികളെ കൊന്നാല്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നാണ് ?

അതേ, കടുവ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന ഭക്ഷണമാണ് കാട്ടു പന്നികള്‍. കാട്ടുപന്നികള്‍ ഇല്ലാതായാല്‍ സ്വാഭാവികമായും അവ നാട്ടിലിറങ്ങും.മഹാരാഷ്ട്രയിലും മറ്റും ഈ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കാട്ടുപന്നികളെ കൊല്ലാനുളള ഉത്തരവ് പിന്നീട് പിന്‍വലിക്കേണ്ടി വന്നു. കേരളത്തിന് ആ ഗതി വരരുതെന്നാണ് പറയാനുള്ളത്. 

? കേരളത്തിലെ മലയോര കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണിത്. അവരുടെ പരാതി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം...

ഈ ആവശ്യം ഉയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരല്ല. വനം കയ്യേറി താമസിക്കുന്നവരാണ്. വനത്തിന് നടുക്ക് താമസിച്ചിട്ട് വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുന്നു എന്ന പരാതിക്ക് എന്താണ് അടിസ്ഥാനം. എനിക്ക് ചോദിക്കാനുള്ളത് എത്ര കര്‍ഷകര്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നു എന്നത് സംബന്ധിച്ച് എന്തെങ്കിലും കണക്ക് വനം വകുപ്പിന്‍റെ കൈയിലുണ്ടോയെന്നാണ്. യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ?

? നിക്ഷിപ്ത താല്‍പര്യക്കാരാണ് നീക്കത്തിന് പിന്നിലെന്നാണോ ഉദ്ദേശിക്കുന്നത്. 

നിക്ഷിപ്ത താല്‍പര്യമെന്നല്ല. കാടുകള്‍ കൈയറുന്നവര്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്നു. വന്യമൃഗശല്യമുണ്ടെന്ന് അവര്‍ പരാതിപ്പെടുന്നു 

? സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത താങ്കളെ ചങ്ങലക്കിടണമെന്നാണ് താമരശേരി ബിഷപ്പ് പറഞ്ഞത്?

അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ വളരെ വിഷമം തോന്നി. ദൈവത്തിന്‍റെ പ്രതിപുരുഷനാണ് അദ്ദേഹം. ഒരിക്കലും അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു. യേശു എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം കൂടുതല്‍ മനസിലാക്കട്ടെ.

? അവസാനമായി ഒരു ചോദ്യം. പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദപ്രകാരമാകില്ലേ സര്‍ക്കാരും ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

സമ്മര്‍ദ്ദമല്ല. പ്രീണനം. പ്രീണിപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് തിരിച്ചടിയാകും. നോക്കൂ വനമില്ലെങ്കില്‍ കേരളമില്ല. പ്രളയം നേരിട്ട കേരളത്തോട് കൂടുതല്‍ പറയേണ്ടതില്ലല്ലോ? രണ്ട് തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുക്കാം. ഒന്ന് കാട്ടുപന്നികളെ മുഴുവന്‍ കൊന്നു തള്ളാം. ഇല്ലെങ്കില്‍ അവയെ നിലനിര്‍ത്താം. തീരുമാനം പിന്‍വലിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

YouTube video player